

യുഎഇയില്‍ നിന്നും വിമാനയാത്ര നടത്തുന്ന എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നീ വിമാന സര്‍വീസുകളില്‍ മാറ്റം. പ്രാദേശികമേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.
എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് തുടങ്ങിയ വിമാനങ്ങളുടെ ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അതത് വിമാനസര്‍വീസുകളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം എന്നും അധികൃതര്‍ പറഞ്ഞു.
ദുബായ് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ ചില സര്‍വീസുകളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ദുബായില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EK837 വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. EK839 വിമാനം സര്‍വീസ് നടത്താന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ദുബായില്‍ നിന്നും കുവൈറ്റിലേക്കുള്ള EK857 വിമാനം സര്‍വീസ് നടത്തുന്നതിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് വിമാനസര്‍വീസുകളുടെ വിവരങ്ങള്‍ എമിറേറ്റ്‌സിന്റെ ഒഫിഷ്യല്‍ ചാനലുകള്‍ വഴി പരിശോധിക്കണമെന്ന് വിമാനക്കമ്പനി അറിയിച്ചു. അബുദാബിയില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനസര്‍വീസുകളിലും മാറ്റമുണ്ട്. അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EY647 വിമാനം എത്തിച്ചേരാന്‍ വൈകും അതേസമയം EY645 വിമാനം ഷെഡ്യൂള്‍ ചെയ്തപോലെ സര്‍വീസ് നടത്തും. കൂടാതെ അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന EY653 വിമാനവും ഷെഡ്യൂള്‍ ചെയ്തപോലെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ എയര്‍ അറേബ്യയുടെ മിക്ക സര്‍വീസുകളും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന G9068 വിമാനം, ഷാര്‍ജയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന G9124 വിമാനം, ഷാര്‍ജയില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന G9107 വിമാനം, അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന 3L020 വിമാനം എന്നിവയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.
ഫ്ലെെ ദുബായ് വിമാനക്കമ്പനിയുടെ ദുബായില്‍ നിന്നും മൊംബാസയിലേക്ക് സര്‍വീസ് നടത്തുന്ന FY1289 വിമാനം, ദുബായില്‍ നിന്നും സാല്‍സ്ബര്‍ഗിലേക്ക് സര്‍വീസ് നടത്തുന്ന FZ1745 വിമാനം, ദുബായില്‍ നിന്നും ടെല്‍ അവിവിലേക്ക് സര്‍വീസ് നടത്തുന്ന FZ1211 വിമാനം, ദുബായില്‍ നിന്നും ഡുബ്രോവ്‌നിക്കിലേക്ക് സര്‍വീസ് നടത്തുന്ന FZ719 വിമാനം എന്നിവയുടെ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം ഉണ്ടാവുമെന്നും വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Content Highlight: Emirates, Etihad Airways, Air Arabia, and flydubai have announced changes to selected flight services, with schedule revisions, delays, and cancellations affecting some regional routes. Passengers are advised to check flight status before travelling.