'ചേട്ടാ, ആ തീരുമാനം എടുത്തോളൂ...'; സഞ്ജുവിന്റെ പ്രതികരണം വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്

'ജീവിതത്തില്‍ ഇങ്ങനെയുള്ള മനുഷ്യരുമുണ്ട്!' ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോഴുളള സഞ്ജുവിന്റെ പ്രതികരണമാണ് സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തിയത്

'ചേട്ടാ, ആ തീരുമാനം എടുത്തോളൂ...'; സഞ്ജുവിന്റെ പ്രതികരണം വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്
dot image

ടി20 ലോകകപ്പ് കിരീടനേട്ടത്തിലേക്കുള്ള യാത്രയില്‍ താന്‍ എടുത്ത ഏറ്റവും പ്രയാസമേറിയ തീരുമാനങ്ങളിലൊന്ന് മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. എന്നാല്‍ ആ ഘട്ടത്തില്‍ സഞ്ജു നല്‍കിയ സ്വാര്‍ത്ഥതയില്ലാത്ത പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുകയും വലിയ ആത്മവിശ്വാസം നല്‍കുകയും ചെയ്തതായി സൂര്യകുമാര്‍ പറഞ്ഞു. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സൂര്യകുമാര്‍ ടി20 ലോകകപ്പിലെ നിര്‍ണ്ണായക നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത്.


ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ഫോം കണക്കിലെടുത്ത് തുടക്കത്തില്‍ ഇഷാന്‍ കിഷനെയാണ് ഇന്ത്യ ഓപ്പണറായി പരിഗണിച്ചിരുന്നത്. ഇതിനെത്തുടര്‍ന്ന് സഞ്ജുവിനെ പുറത്തിരുത്തേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സൂര്യകുമാര്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്: 'ടീം ബസ്സില്‍ വെച്ച് ഞാന്‍ സഞ്ജുവിനോട് സംസാരിച്ചു. അന്നത്തെ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞു. എന്നാല്‍ അവന്‍ എന്നോട് ഒരൊറ്റ കാര്യമാണ് പറഞ്ഞത്- 'ഇന്ത്യ ടി20 ലോകകപ്പ് ജയിക്കാന്‍ എന്താണോ നല്ലത്, ആ തീരുമാനം ചേട്ടന്‍ എടുത്തോളൂ'. ടീമിന് എപ്പോള്‍ ആവശ്യമുണ്ടെങ്കിലും താന്‍ ഉണ്ടാകുമെന്നും കളിക്കാന്‍ പോകുന്നു എന്ന രീതിയില്‍ തന്നെ പരിശീലനം തുടരുമെന്നും സഞ്ജു പറഞ്ഞു.'

ഈ വാക്കുകള്‍ നല്‍കിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവേ സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. 'അത് കേട്ടപ്പോള്‍ എനിക്ക് വലിയ ആത്മവിശ്വാസം തോന്നി. ജീവിതത്തില്‍ ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.' സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് എന്ത് കൊണ്ടാണ് തനിക്ക് ഏറ്റവും വിഷമകരമായ തീരുമാനമായതെന്നും സൂര്യകുമാര്‍ വിശദീകരിച്ചു. മുന്‍പ് തിരിച്ചടികള്‍ നേരിട്ട ഘട്ടങ്ങളില്‍ താന്‍ സഞ്ജുവിന് നല്‍കിയ ഉറപ്പുകള്‍ അതിന് കാരണമായിരുന്നു. 'സഞ്ജുവിനെ പുറത്തിരുത്തിയത് എന്റെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു. കാരണം അവന്‍ എതൊരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാമായിരുന്നു. 2024-ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ അവന് വലിയ സ്‌കോര്‍ കണ്ടെത്താനായിരുന്നില്ല. അനന്തപൂരില്‍ ദുലീപ് ട്രോഫി കളിക്കുമ്പോള്‍ അവന്‍ എന്നോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു. എനിക്കും കോച്ചിനും അവനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഞാന്‍ പറഞ്ഞു. അടുത്ത 7 മത്സരങ്ങളില്‍ ഡക്കായാല്‍ പോലും എട്ടാമത്തെ മത്സരത്തില്‍ നിന്നെ കളിപ്പിക്കുമെന്ന് അന്ന് ഞാന്‍ അവന് ഉറപ്പ് നല്‍കിയിരുന്നു' -സൂര്യകുമാര്‍ യാദവ് പറഞ്ഞു.


സൂര്യകുമാറിന്റെ ആത്മവിശ്വാസം വെറുതെയായില്ല. ലോകകപ്പില്‍ ആദ്യ ഘട്ടത്തില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും, പിന്നീട് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നതോടെ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. പിന്നീട് നോക്കൗട്ട് ഘട്ടങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. സെമിഫൈനലിലും ഫൈനലിലും മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ച സഞ്ജു, ടൂര്‍ണമെന്റിലുടനീളം 80.25 ശരാശരിയിലും 199.38 സ്‌ട്രൈക്ക് റേറ്റിലും 321 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ബഹുമതി സ്വന്തമാക്കുകയും ചെയ്തു.

content highlights: "Cheтта, Go Ahead with That Decision…": Suryakumar Yadav Reveals Sanju Samson's Reaction

dot image
To advertise here,contact us
dot image