ലോക്കല്‍ ട്രെയിനില്‍ ജെന്‍സിക്കും ജെന്‍ ആല്‍ഫയ്ക്കും പ്രത്യേക കോച്ച് വേണം;കേന്ദ്രത്തിന് BJP കൗണ്‍സിലറുടെ കത്ത്

ചര്‍ച്ച്ഗേറ്റ്-ദഹാനു, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനൽ ഡോംബിവ്ലി/അസംഗാവ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍, രാവിലെ 5 മുതല്‍ 11 വരെ മൂന്ന് കോച്ചുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തവ ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഘോസല്‍ക്കര്‍ വൈഷ്ണവിന് കത്തെഴുതിയിരിക്കുന്നത്

ലോക്കല്‍ ട്രെയിനില്‍ ജെന്‍സിക്കും ജെന്‍ ആല്‍ഫയ്ക്കും പ്രത്യേക കോച്ച് വേണം;കേന്ദ്രത്തിന് BJP കൗണ്‍സിലറുടെ കത്ത്
dot image

ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍ ട്രെയിനുകളില്‍ ജെന്‍സിക്കും ജെന്‍ ആല്‍ഫയ്ക്കും പ്രത്യേക കോച്ച് വേണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ബിജെപി കൗണ്‍സിലര്‍. ബിഎംസി ബിജെപി കൗണ്‍സിലര്‍ തേജസ്വി അഭിഷേക് ഘോസാല്‍ക്കര്‍ ആണ് മന്ത്രി അശ്വനി വൈഷ്ണവിന് കത്തയിച്ചിരിക്കുന്നത്.

ചര്‍ച്ച്ഗേറ്റ്-ദഹാനു, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനൽ ഡോംബിവ്ലി/അസംഗാവ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍, രാവിലെ 5 മുതല്‍ 11 വരെ മൂന്ന് കോച്ചുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തവ ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഘോസല്‍ക്കര്‍ വൈഷ്ണവിന് കത്തെഴുതിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ സബര്‍ബന്‍ റെയില്‍വേ ശൃംഖലയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദ്ദേശം കൊണ്ടുവന്നതെന്ന് ഘോസല്‍ക്കര്‍ പറഞ്ഞു.

ഈ ആവശ്യത്തിന് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട്, താനും വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സമാനമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഘോസല്‍ക്കര്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഈ അനുഭവം നേരിട്ടയാളാണ് ഞാന്‍. ഇപ്പോള്‍ ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇതേക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുന്നു എന്ന് അവര്‍ കുറിച്ചു. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഈ പ്രശ്‌നം ഇപ്പോഴും ബാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ മുംബൈയ്ക്കായി മന്ത്രി സ്വീകരിച്ച മികച്ച നടപടികളെ തങ്ങള്‍ അഭിനന്ദിക്കുന്നു. എങ്കിലും, വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഇത്തരം സംവിധാനങ്ങളൊന്നും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവിശക്തികളായ വിദ്യാര്‍ത്ഥികള്‍ക്കായി ഇതുവരെ പ്രത്യേക സംവരണ സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടിയുമായി പോകുന്നതെന്നും അവര്‍ പറഞ്ഞു.

ലോക്കല്‍ ട്രെയിനുകളിലെ 12 കോച്ചുകളില്‍ മൂന്നെണ്ണം രാവിലെ 5 മുതല്‍ 11 വരെ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യണം. ഈ ക്രമീകരണം വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്ര കൂടുതല്‍ സുരക്ഷിതവും എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് ഘോസല്‍ക്കര്‍ പറഞ്ഞു. ഈ ആവശ്യം പരിഗണിക്കണമെന്നും 'വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത കോച്ചുകള്‍' എന്ന നിര്‍ദ്ദേശം എത്രയും വേഗം നടപ്പിലാക്കണമെന്നും ഘോസല്‍ക്കര്‍റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. ചര്‍ച്ച്ഗേറ്റ് - ദഹാനു റൂട്ടിലെ വെസ്റ്റേണ്‍ റെയില്‍വേയിലും, സിഎസ്എംടി ഡോംബിവ്ലി/അസംഗാവ് റൂട്ടിലെ സെന്‍ട്രല്‍ റെയില്‍വേയിലും യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ നിര്‍ദ്ദേശം ബാധകമാക്കണം. മുംബൈയിലെ വിദ്യാര്‍ത്ഥികള്‍ക്കും താമസക്കാര്‍ക്കും വേണ്ടിയുള്ള ഒരു ആവശ്യമായി ഇതിനെ പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഘോസല്‍ക്കര്‍ തന്റെ കത്ത് അവസാനിപ്പിച്ചത്. അടിയന്തര പ്രാധാന്യത്തോടെ ആവശ്യം പരിഗണിക്കണമെന്നും അല്ലെങ്കില്‍ പ്രതിഷേധമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: BJP councillor Tejasvi Abhishek Ghosalkar has proposed dedicated local train coaches for Gen Z and Gen Alpha students in Mumbai. The proposal seeks three reserved coaches on selected routes from 5 am to 11 am to ease the difficulties faced by thousands of students travelling through the suburban railway network each day.

dot image
To advertise here,contact us
dot image