

ഹൈദരാബാദ്: ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം ഓട്ടോറിക്ഷ കാത്തു നിന്ന യുവതിയെ റാപ്പിഡോ ഡ്രൈവറാണെന്ന വ്യാജേന സമീപിച്ച് ബൈക്ക് യാത്രികന്‍. താന്‍ റാപ്പിഡോ ഡ്രൈവറാണെന്നും വീട്ടില്‍ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവതിയെ സമീപിച്ചത്. എന്നാല്‍ താന്‍ ബുക്ക് ചെയ്യാത്ത സേവനം ഉപയോഗിക്കാന്‍ വിസമ്മതിച്ച യുവതി ഇയാളെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ചൂണ്ടിക്കാട്ടിയ യുവതി, റാപ്പിഡോ ഐഡി കാണിക്കാനും ആവശ്യപ്പെട്ടതോടെ ഇയാള്‍ പരുങ്ങലിലായി.
കഴിഞ്ഞദിവസമായിരുന്നു സംഭവം.സിദ്ധി എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവച്ചത്. യുവതി പേര് ചോദിച്ചപ്പോള്‍ ഇര്‍ഫാന്‍ എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. യുവതി ഐഡി ചോദിച്ചതിന് പിന്നാലെ ഇയാള്‍ റാപ്പിഡോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ വീണ്ടും യുവതി ഇയാളെ ചോദ്യം ചെയ്തു. നമ്പര്‍ പ്ലെയ്റ്റിനെ കുറിച്ച് ചോദ്യമുന്നയിച്ച യുവതിയോട് നിരന്തരം താന്‍ റാപ്പിഡോ റൈഡുകള്‍ നടത്താറില്ലാത്തതിനാല്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ഒരു പ്രശ്‌നമല്ലെന്നായിരുന്നു മറുപടിയെന്നും യുവതി പോസ്റ്റില്‍ പറയുന്നു. ഇതോടെ നിയന്ത്രണം വിട്ട യുവതി ഇയാളോട് കയര്‍ക്കുകയും താന്‍ ബുക്ക് ചെയ്യാതെ റൈഡിനായി എന്തിന് തന്നെ സമീപിച്ചുവെന്ന് ചോദിച്ച് ശബ്ദം ഉയര്‍ത്തുകയുമായിരുന്നു.
റാപ്പിഡോ ഓട്ടോ അല്ലെങ്കില്‍ കാര്‍ സര്‍വീസുകള്‍ മാത്രമേ ഇതുവരെ താന്‍ ബുക്ക് ചെയ്തിട്ടുള്ളൂവെന്നും ബൈക്ക് സര്‍വീസ് ഉപയോഗിച്ചിട്ടേയില്ലെന്നും യുവതി പറയുന്നു. റാപ്പിഡോ സ്ഥിരമായി ഉപയോഗിക്കുന്ന തനിക്ക് അവരുടെ സേവനത്തില്‍ വിശ്വാസമുണ്ടെന്നും രാത്രി കാലങ്ങളില്‍ പ്രത്യേകിച്ച് റാപ്പിഡോയെയാണ് ആശ്രയിക്കുന്നതെന്നും യുവതി പറയുന്നു. യാത്രയ്ക്ക് ശേഷം റാപ്പിഡോയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സുരക്ഷാ പരിശോധനയും കോളുകളും താനെന്നും പ്രശംസിക്കുന്ന കാര്യമാണെന്നും തന്‍ റാപ്പിഡോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. മികച്ച സേവനം ലഭിച്ചിട്ടുള്ള ഉപയോക്താവെന്ന നിലയിലാണ് ഇയാളെ പെട്ടെന്ന് തന്നെ ചോദ്യം ചെയ്തതെന്നും യുവതി പോസ്റ്റിന്റെ ക്യാപ്ഷനില്‍ ചൂണ്ടിക്കാട്ടുന്നു.
രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇത്തരം സാഹചര്യങ്ങള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്നും ആരും ഇക്കാരണത്താല്‍ ഭയപ്പെടരുതെന്നും യുവതി പറയുന്നു. യുവതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അവരുടെ സമയോചിതമായ ഇടപെടലിനെയും ധൈര്യത്തെയും പ്രകീര്‍ത്തിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: A bike rider allegedly approached a woman while posing as a Rapido driver. The rider reportedly had no number plate or identification, raising concerns over the incident.