

2024-ലെ ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്. മത്സരത്തിന്റെ സാഹചര്യത്തില്‍ അത് 'അസാധാരണമായ ക്യാച്ച്' ആയിരുന്നുവെന്നും, ഡ്രസ്സിങ് റൂമില്‍ അത് വലിയ തോതിലുള്ള വൈകാരിക ംഗമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ബഡോസിലായിരുന്നു അന്ന് ഫൈനല്‍ നടന്നിരുന്നത്. മത്സരത്തിന്റെ അവസാന ഓവറില്‍, ഡേവിഡ് മില്ലറെ മടക്കിയയക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാര്‍ അതിശയകരമായ ഒരു ക്യാച്ചാണ് എടുത്തത്. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ മില്ലര്‍ വലിയൊരു ഷോട്ടിന് ശ്രമിക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് സമീപത്ത് വെച്ച് പന്ത് കൈക്കലാക്കിയ സൂര്യകുമാര്‍, ആദ്യം ബൗണ്ടറിക്ക് പുറത്തേക്ക് കടന്നതിന് ശേഷം നിയന്ത്രണം വീണ്ടെടുത്ത് തിരികെ അകത്തേക്ക് കയറിയാണ് ക്യാച്ച് പൂര്‍ത്തിയാക്കിയത്. അതിനുശേഷം ദക്ഷിണാഫ്രിക്ക പതറി. യഥാര്‍ത്ഥത്തില്‍ അത് മത്സരവിജയം ഉറപ്പിച്ച ക്യാച്ചായിരുന്നു.
'ആദ്യത്തെ കുറച്ച് സെക്കന്‍ഡുകളില്‍ ഞാന്‍ തികച്ചും ശാന്തനും നിശബ്ദനുമായിരുന്നു. കാരണം എന്റെ മനസ്സ് ആ സമയത്ത് കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തുകയായിരുന്നു. സൂര്യ ആ പന്ത് കൃത്യമായി പിടിച്ചോ, അവന്റെ പാദങ്ങള്‍ ബൗണ്ടറി ലൈനിനുള്ളില്‍ തന്നെയായിരുന്നോ, കൃത്യസമയത്ത് അവന്‍ പന്ത് മുകളിലേക്ക് ഉയര്‍ത്തിയിരുന്നോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. എന്നാല്‍ അത് ഒരു ക്ലീന്‍ ക്യാച്ചാണെന്ന് സ്ഥിരീകരിച്ചതോടെ വികാരങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. എങ്കിലും മത്സരം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സൂര്യ എടുത്തത് അസാധാരണമായ ഒരു ക്യാച്ച് തന്നെയായിരുന്നു.' -ദിലീപ് പറഞ്ഞു.
ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികച്ച ബൗളിങ് പ്രകടനവും വിരാട് കോഹ്ലി (76), അക്‌സര്‍ പട്ടേല്‍ (47) എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ് ഇന്ത്യയുടെ ഐസിസി ട്രോഫി വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. 177 റണ്‍സ് പിന്തുടര്‍ന്ന കന്നി ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ഐസിസി ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
2021 മുതല്‍ 2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വരെ ഇന്ത്യന്‍ പുരുഷ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി ദിലീപ് സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയുടെ യുകെ ടെസ്റ്റ് പര്യടനത്തിനിടെ അദ്ദേഹം തിരിച്ചെത്തിയെങ്കിലും കരാര്‍ കാലാവധിക്ക് ശേഷം നിലനിര്‍ത്തിയില്ല. ടീം ഇന്ത്യയ്ക്കൊപ്പമുള്ള സമയത്ത്, 2024, 2026 ടി20 ലോകകപ്പ് വിജയങ്ങളിലും 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും അദ്ദേഹം പങ്കാളിയായി. വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പര്യടനത്തിന് മുന്നോടിയായി സുഭദീപ് ഘോഷ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായി ടി. ദിലീപിന് പകരം ചുമതലയേറ്റിട്ടുണ്ട്. സുഭദീപ് ഘോഷ് ഇതിന് മുമ്പ് രണ്ട് വര്‍ഷം ഇന്ത്യന്‍ വനിതാ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022-ലെ വനിതാ ഏകദിന ലോകകപ്പിലും 2023 ലെ വനിതാ ടി20 ലോകകപ്പിലും സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇന്ത്യ എ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഘോഷ്, അസം സീനിയര്‍ പുരുഷ ടീമിന്റെ ഹെഡ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കളിക്കാരനായി അസമിനെയും റെയില്‍വേസിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തന്റെ ആഭ്യന്തര കരിയറില്‍ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 17 ലിസ്റ്റ് എ മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15-ന് ഗാലെയില്‍ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ മത്സരിക്കും. രണ്ടാമത്തെ ടെസ്റ്റ് ഓഗസ്റ്റ് 23-ന് കൊളംബോയിലെ എസ്.എസ്.സിയില്‍ നടക്കും.
content highlights: 'Extraordinary Catch': Former Fielding Coach Praises Suryakumar's World Cup Final Catch