ഇനി കേരളം; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ, നടപടി ക്രമങ്ങള്‍ അവസാനിച്ചത് ആറ് മിനിറ്റുകള്‍ക്കുള്ളില്‍

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്

ഇനി കേരളം; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ, നടപടി ക്രമങ്ങള്‍ അവസാനിച്ചത് ആറ് മിനിറ്റുകള്‍ക്കുള്ളില്‍
dot image

ന്യൂഡല്‍ഹി: കേരളം ബില്‍ 2026 പാസാക്കി ലോക്‌സഭ. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് അംഗീകാരം നല്‍കിയത്.

ആറ് മിനിറ്റുകള്‍ കൊണ്ടാണ് നടപടി ക്രമങ്ങള്‍ കേന്ദ്രം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് നിത്യാനന്ദ റായ് സഭയില്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പോലും കേരളം ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വിമര്‍ശിച്ചു.

അമിത് ഷായ്ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ഏറ്റവും ശക്തമായി നിന്ന ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി കേരളം ആക്കുന്ന ബിൽ ലോക്സഭ പാസാക്കിയത്. ബില്ലിൽ ചർച്ച വേണം എന്ന യുഡിഎഫ്-എൽഡിഎഫ് എംപിമാരുടെ ആവശ്യം തള്ളിയാണ് അതിവേഗ നടപടി. അമിത് ഷായുടെ പേരിലാണ് ബിൽ ലിസ്റ്റ് ചെയ്തതെങ്കിലും ബിൽ ഇന്നലെ അവതരിപ്പിച്ചതും ഇന്ന് പാസാക്കുമ്പോൾ സംസാരിച്ചതും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു.

ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കാനാണ് സർക്കാർ നീക്കം. ഇരുസഭകളും ബിൽ പാസാക്കിയശേഷം രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ എല്ലാ ഔദ്യോഗിക രേഖകളിലും കേരള മാറി കേരളം എന്ന് രേഖപ്പെടുത്തിത്തുടങ്ങും.

Content Highlights: The Lok Sabha has passed the Kerala (Alteration of Name) Bill, 2026, paving the way for the state to be officially renamed Keralam

dot image
To advertise here,contact us
dot image