'മെറ്റയെ ഉപയോഗിച്ച് ഓഫീസിന് എതിരായ പോസ്റ്റുകൾ മുഖ്യമന്ത്രി ഒഴിവാക്കുന്നു; പ്രധാനമന്ത്രിയുടെ പാത പിന്തുടരുന്നു'

മത്സ്യത്തൊഴിലാളികളോട് അവഗണനയും അലംഭാവവും കാട്ടുന്നുവെന്നും എം വി ഗോവിന്ദന്‍

'മെറ്റയെ ഉപയോഗിച്ച് ഓഫീസിന് എതിരായ പോസ്റ്റുകൾ മുഖ്യമന്ത്രി ഒഴിവാക്കുന്നു; പ്രധാനമന്ത്രിയുടെ പാത പിന്തുടരുന്നു'
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മെറ്റയെ ഉപയോഗിച്ച് ഓഫീസിന് എതിരായ പോസ്റ്റുകള്‍ മുഖ്യമന്ത്രി ഒഴിവാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിമര്‍ശനങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് അവഗണനയും അലംഭാവവും കാട്ടുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്ത് ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ല. രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്ന മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ളവരെ ഈ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഓഖിക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളികളായ യുവാക്കളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ ജാമ്യത്തിലും അദ്ദേഹം പ്രതികരിച്ചു. പൊലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞാണ് ജാമ്യം അനുവദിക്കാനുള്ള കോടതി ഉത്തരവുണ്ടായതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. നോട്ടീസ് നല്‍കാത്തത് പൊലീസിന്റെ വീഴ്ചയാണ്. ഇത് തന്നെയാണ് റാമിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രതിയെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വം ജാമ്യം ലഭിക്കാനുള്ള നിലപാട് സ്വീകരിച്ചു. ജനരോഷം ഉയര്‍ന്നു വന്നിട്ടും അദ്ദേഹത്തെ കല്‍തുറങ്കിലടക്കാനായില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

'പെണ്‍കുട്ടികളെ കുറിച്ചാണ് പറഞ്ഞത്. ആ പരാമര്‍ശം പൊലീസ് ഉന്നയിച്ചില്ല. ബിജെപി-കോണ്‍ഗ്രസ് ഡീലിന്റെ ഭാഗമാണ് വന്ദേമാതരം പൂര്‍ണമായ തോതില്‍ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശവും. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞത്. എന്നാല്‍ അങ്ങനൊരു നിര്‍ദ്ദേശം ലോക്ഭവന്‍ നല്‍കിയിട്ടില്ല. മന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞു. വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് പറഞ്ഞിട്ടില്ല. നെഹ്‌റുവിന്റെ കാലം മുതല്‍ അതിനെ ശക്തിയായി എതിര്‍ത്തു കൊണ്ടിരുന്നവരാണ് കോണ്‍ഗ്രസുകാര്‍. ആ കോണ്‍ഗ്രസുകാര്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഞങ്ങളൊരു കാര്യം ഉറപ്പിച്ചിട്ട് പറയാം. വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങള്‍ മാത്രമേ അംഗീകരിക്കൂ അങ്ങനെ അല്ലാത്തത് അംഗീകരിക്കാന്‍ ഇടതുപക്ഷ ശക്തികള്‍ക്കാകില്ല, എല്ലാം പാടണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറല്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

വി ഡി സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യത്തെക്കുറിച്ചും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വി ഡി സവര്‍ക്കര്‍ക്ക് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഒരു ബന്ധവുമുണ്ടായിട്ടില്ല. ചോദ്യമുണ്ടാക്കിയ അധ്യാപകന്‍ സംഘപരിവാര്‍ ആശയത്തിന്റെ ഭാഗമായി ഉല്‍പ്പാദിപ്പിക്കപ്പെട്ട ചോദ്യം തന്നെയാണിത്. ആ ചോദ്യം മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.


Content Highlights: CPI(M) state secretary M V Govindan has criticised V D Satheesan, alleging that Meta is being used to remove social media posts critical of the Chief Minister's office

dot image
To advertise here,contact us
dot image