യുവതികള്‍ക്ക് സ്വര്‍ണ നാണയവും പട്ടുസാരിയും, ജെന്‍സികള്‍ക്ക് സൈക്കിള്‍; ജനകീയ പ്രഖ്യാപനങ്ങളുമായി ടിവികെ ബജറ്റ്

2036ഓടെ തമിഴ്‌നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തി ആക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്

യുവതികള്‍ക്ക് സ്വര്‍ണ നാണയവും പട്ടുസാരിയും, ജെന്‍സികള്‍ക്ക് സൈക്കിള്‍; ജനകീയ പ്രഖ്യാപനങ്ങളുമായി ടിവികെ ബജറ്റ്
dot image

ചെന്നൈ: വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി മാരി വില്‍സണ്‍ അവതരിപ്പിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സംസ്ഥാനത്തെ കട വിമുക്തമാക്കുക എന്നത് ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ഒട്ടനവധിയായ ജനകീയ പ്രഖ്യാപനങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് 44,537 കോടി രൂപയും ഉന്നന വിദ്യാഭ്യസത്തിന് 8,393 കോടിയും യുവാക്കളുടെ കയിക പ്രവര്‍ത്തനങ്ങള്‍ക്ക് 1,051 കോടിയും സാമൂഹ്യ നീതിക്ക് 3,937 കോടി രൂപയും വകയിരുത്തി. 2036ഓടെ തമിഴ്‌നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തി ആക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ലഹരിക്ക് എതിരെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണ മോതിരം പദ്ധതിക്ക് 560 കോടി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ലാപ്‌ടോപ്പിന് 2000 കോടി. യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി 150 കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമുക്ത തമിഴ്നാടിനായി സ്‌കൂളുകളില്‍ പദ്ധതി. സ്‌കൂളുകളില്‍ വൊളണ്ടിയര്‍ ഗ്രൂപ്പുകള്‍. ഡ്രഗ് ഫ്രീ തമിഴ്‌നാട് ആപ്ലിക്കേഷന്‍. ഒളിമ്പിക് സെന്ററുകള്‍ക്ക് 50 കോടി എന്നീ പ്രഖ്യാപനങ്ങളുമുണ്ട്.

വിവാഹത്തിന് യുവതികള്‍ക്ക് സഹായവും ബജറ്റിലുണ്ട്. എട്ട് ഗ്രാം തങ്കനാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ആദ്യമായി ഹജ് യാത്ര നടത്തുന്നവര്‍ക്കുള്ള തുക വര്‍ധിപ്പിച്ചു. 25,000 രൂപയില്‍ നിന്ന് 35,000 രൂപയായാണ് ഉയര്‍ത്തിയത്. സംസ്ഥാന ഹജ് കമ്മിറ്റിയിലൂടെ പോകുന്നവര്‍ക്കാണ് സഹായം ലഭിക്കുക. മത്സ്യ തൊഴിലാളികള്‍ക്ക് ധനസഹായം 1000 രൂപ വര്‍ധിപ്പിച്ചു. ട്രോളിങ്ങ് നിരോധന കാലത്തെ ധനസഹായം 7000 ആക്കി. ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് ബ്രാന്‍ഡഡ് സൈക്കിളും ഒപ്പം ഹെല്‍മറ്റും വാട്ടര്‍ ബോട്ടിലും പ്രഖ്യാപിച്ചിട്ടുണ്ട്. 5.32 ലക്ഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുക.

എന്നാല്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന ധനമന്ത്രി മാരി വില്‍സന്റെ പ്രഖ്യാപനം കേരളത്തിന് ആശങ്ക ഉണ്ടാക്കുന്നതാണ്. കാവേരി നദീജല തര്‍ക്കത്തില്‍ അര്‍ഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ബജറ്റില്‍ പറയുന്നു. ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയെ എതിര്‍ക്കും എന്ന ബജറ്റിലെ പ്രഖ്യാപനവും ശ്രദ്ധേയമാണ്. ചെന്നൈയില്‍ 1000 ശീതീകരിച്ച ഇലക്ട്രിക്ക് ബസുകള്‍ക്കായി 500 കോടി അനുവദിച്ചു. 200 യൂണിറ്റ് സൗജന്യ വൈദ്യുതിക്ക് 1,543 കോടി, 178 പുതിയ സബ് സ്റ്റേഷനുകള്‍ക്കായി 1,543 കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. വിധവകളായ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്റര്‍ വ്യക്തികള്‍ക്കും സൗജന്യമായി പശുക്കളെ നല്‍കുന്ന പദ്ധതി എന്നിവയും ജനകീയ പ്രഖ്യാപനങ്ങളില്‍ പെടുന്നു.

Content Highlights: Tamil Nadu's Vijay-led government has unveiled its first full budget, balancing fiscal discipline with welfare-oriented spending. Major allocations have been made for school education, higher education, youth development, and social justice, while the government reaffirmed its goal of making Tamil Nadu one of India's strongest economies by 2036.

dot image
To advertise here,contact us
dot image