വിദ്യാർത്ഥികളുടെ വിജയം; വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാൻ RSS മോദിയേക്കാൾ ശ്രമിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി

ധ‍ർമേന്ദ്ര പ്രധാൻ അഴിമതിയുടെ പ്രതീകമാണെന്ന് രാ​ഹുൽ ​ഗാന്ധിയുടെ വിമർശനം

വിദ്യാർത്ഥികളുടെ വിജയം; വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാൻ RSS മോദിയേക്കാൾ ശ്രമിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി
dot image

ന്യൂഡൽഹി: ധർമ്മേന്ദ്ര പ്രധാന്റെ രാജി വിദ്യാർത്ഥികളുടെ വിജയമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. വിദ്യാഭ്യാസ മേഖലയ്ക്ക് എതിരെ കഴിഞ്ഞ കുറെ നാളായി ആക്രമണം തുടരുന്നുവെന്നും ധ‍ർമേന്ദ്ര പ്രധാൻ അഴിമതിയുടെ പ്രതീകമാണെന്നും രാ​ഹുൽ ​ഗാന്ധി വിമർശിച്ചു. വിദ്യാഭ്യാസ സംവിധാനം മാറ്റാൻ മികച്ച പദ്ധതികൾ വേണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ മേഖല ഉടച്ചുവാർക്കേണ്ടതുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാൻ RSS മോദിയേക്കാൾ ശ്രമിക്കുന്നുവെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. ഈ സംഭവങ്ങളിൽ പ്രധാന ഉത്തരവാദിത്വമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു

രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ആർ.എസ്.എസ്. (RSS) ക്രമേണ ദുർബലമാക്കുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. വർഷങ്ങളായി വിദ്യാഭ്യാസ മേഖലയെ അകത്തുനിന്ന് തകർക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. ഈ വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് സ്വാഗതാർഹമാണെങ്കിലും അതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ സമഗ്രവും അർത്ഥവത്തുമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. നമ്മുടെ വിദ്യാഭ്യാസ സംവിധാനം അകത്തുനിന്ന് തകർന്നിരിക്കുകയാണ്. അതിനെ പുനർനിർമിക്കാൻ ആഴത്തിലുള്ള നടപടികൾ ആവശ്യമാണ്. സർക്കാർ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണമെന്നും രാഹുൽ ​ഗാാന്ധി പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ രണ്ടെണ്ണം കൂടി സർക്കാർ പരിഗണിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കെതിരെ ബലം പ്രയോഗിക്കുകയും മർദിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കും അതിന് ഉത്തരവാദികളായവർക്കുമെതിരെ വ്യക്തമായ നടപടിയുണ്ടാകണമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെട്ടതായി വിദ്യാർഥികൾക്ക് ബോധ്യപ്പെടണമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

ധർമേന്ദ്ര പ്രധാൻ അഴിമതിയുടെയും കഴിവുകേടിന്റെയും വിദ്യാഭ്യാസ മേഖലയിലെ തകർച്ചയുടെയും പ്രതീകമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അദ്ദേഹത്തിന്റെ രാജി അനിവാര്യമായിരുന്നുവെങ്കിലും അത് ആദ്യപടി മാത്രമാണെന്നും വിദ്യാഭ്യാസ സംവിധാനത്തിൽ ജനവിശ്വാസം വീണ്ടെടുക്കാൻ അടിസ്ഥാനപരമായ ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്ക് നന്ദി അറിയിച്ച രാഹുൽ ഗാന്ധി അവരുടെ അവകാശങ്ങളും ഭാവിയും സംരക്ഷിക്കുന്നതിനായി കോൺഗ്രസ് പാർട്ടി തുടർന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താനുള്ള വിദ്യാർഥികളുടെ പോരാട്ടത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും രാഹുൽ ​ഗാാന്ധി വ്യക്തമാക്കി. ഇനിയും എല്ലാ ഘട്ടത്തിലും അവരുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്ന യുവജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒടുവിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും രാഹുൽ ഗാന്ധി പ്രകടിപ്പിച്ചു.

നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുക്കൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ ആഭിമുഖ്യത്തില്‍ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. സിജെപി നേതൃത്വത്തിൽ പാർലമെൻ്റിലേയ്ക്ക് നടന്ന മാർച്ചിനെതിരെ പൊലീസ് ശക്തമായ ആക്രണം അഴിച്ച് വിട്ടതോടെയാണ് സമരത്തിൻ്റെ രൂപം മാറുന്നത്. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പൊലീസ് കണ്ണീര്‍വാതകവും ബാറ്റണുകളും ഉപയോഗിച്ചതോടെ പ്രതിഷേധം കനത്തു. ഇതിന്അ പിന്നാലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോർച്ചയിൽ അടക്കം ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ സിജെപി നേതാക്കൾ ഉറച്ചുനിന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടുഘട്ടങ്ങളായാണ് സര്‍ക്കാര്‍ സിജെപിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ആയിരുന്നില്ല. ശനിയാഴ്ച മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്.

Content Highlights: Rahul Gandhi praised students for their achievements and accused the RSS of making greater efforts than Prime Minister Narendra Modi to weaken India's education system, reigniting the debate over education reforms and policy.

dot image
To advertise here,contact us
dot image