ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; സിജെപി സമരം അവസാനിപ്പിച്ചു

സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്

ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; സിജെപി സമരം അവസാനിപ്പിച്ചു
dot image

ന്യൂഡൽഹി: സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ ജന്തർ മന്തിറിൽ കഴിഞ്ഞ 50 ദിവസമായി നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനം. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഉറപ്പുകൾ ചെവ്വാഴ്ചയ്ക്കകം എഴുതി നൽകും. കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പിൻവലിക്കുമെന്നും സമരക്കാർക്ക് കേന്ദ്ര സർക്കാർ ഉറപ്പ് നൽകി.

കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികളുമായി നടന്ന മൂന്ന് ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഉറപ്പുകളിൽ വിശ്വാസം അർപ്പിച്ചാണ് സമരം പിൻവലിക്കുന്നതെന്നും, വാഗ്ദാനം ചെയ്ത സമയപരിധിക്കുള്ളിൽ എല്ലാ തീരുമാനങ്ങളും നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ തങ്ങളുടെ ആദ്യ ആവശ്യം സർക്കാർ അംഗീകരിച്ചതായും സിജെപി കൂട്ടിച്ചേർത്തു. പ്രതിഷേധക്കാരും സംഘാടകർക്കും എതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും പിൻവലിക്കണമെന്ന സിജെപിയുടെ രണ്ടാമത്തെ ആവശ്യവും സർക്കാർ അംഗീകരിച്ചതായി സൗരവ് ദാസ് വ്യക്തമാക്കി. ഡൽഹിയിൽ മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത കേസുകൾക്കും ഇത് ബാധകമാണെന്ന് സൗരവ് ദാസ് കൂട്ടിച്ചേർത്തു. ഡൽഹിയിലേതു മാത്രമല്ല ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിഷേധക്കാരെതിരായ എഫ്‌ഐആറുകൾ പിൻവലിക്കണമെന്നതായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട് എന്നായിരുന്നു സൗരവിൻ്റെ പ്രതികരണം.

ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 15 മുതൽ 20 വരെ എഫ്‌ഐആറുകളുടെ പകർപ്പുകൾ നാല് ദിവസത്തിനകം ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു. എഫ്‌ഐആറുകൾ പിൻവലിക്കുന്നതും പ്രതിഷേധക്കാരെതിരെ ഭാവിയിൽ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നതും സംബന്ധിച്ച് സർക്കാരിൽ നിന്ന് രേഖാപരമായ ഉറപ്പ് ആവശ്യപ്പെട്ട് സിജെപി കരട് രേഖ സമർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കകം അതിന് മറുപടി ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചതെന്നും സൗരവ് ദാസ് വ്യക്തമാക്കി. നൽകിയിരിക്കുന്ന ഉറപ്പുകൾ നടപ്പാകുമെന്ന വിശ്വാസത്തിലാണ് സമരം പിൻവലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ചർച്ചയിൽ ഉന്നയിച്ചതായി സിജെപി നേതാവ് അശുതോഷ് റങ്ക വ്യക്തമാക്കി. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് അർഹരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി സൗരവ് ദാസും അറിയിച്ചു. സർക്കാർ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുകയും ബാക്കിയുള്ള വിഷയങ്ങളിൽ വ്യക്തമായ ഉറപ്പുകൾ നൽകുകയും ചെയ്ത സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് സിജെപി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണമായും നടപ്പാക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും സംഘടന അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലും പരീക്ഷാ സംവിധാനത്തിലും പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ട് അഞ്ച് നിർദേശങ്ങളടങ്ങിയ ചാർട്ടറും സിജെപി സർക്കാരിന് കൈമാറിയിട്ടുണ്ട്. ഈ ചാർട്ടർ വിശദമായി പഠിക്കുകയും സിജെപി പ്രതിനിധികളുമായി കൂടുതൽ ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു. ഇതിനായി ഒരുമാസത്തിനകം വീണ്ടും ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, പ്രതിഷേധക്കാരുടെയും സംഘാടകരുടെയും പേരിൽ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും നിയമനടപടികളും പിൻവലിക്കുക, കൂടാതെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളായിരുന്നു സിജെപി മുന്നോട്ടുവച്ചിരുന്നത്.

Content Highlights: The CJP has called off its protest after the Central Government agreed to its key demands. The decision marks the end of the agitation following discussions with the Centre and is expected to pave the way for further action on the accepted proposals.

dot image
To advertise here,contact us
dot image