

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും വ്യാഴാഴ്ച വൈകിട്ട് ആറരയോടെ അടയ്ക്കണമെന്ന നിര്‍ദേശത്തില്‍ ആശങ്ക പങ്കുവെച്ച് സിജെപിയും എഎപിയും. ന്യൂഡല്‍ഹി ട്രേഡേഴ്സ് അസോസിയേഷനാണ് കടകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും ഭക്ഷണശാലകളും ഉൾപ്പെടെ അടയ്ക്കണമെന്നാണ് നിർദേശമുണ്ടായിരുന്നത്.
ഈ നീക്കത്തിനെതിരെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് സിജെപി പ്രതികരിച്ചത്. കൊണാട്ട് പ്ലേസിലെ എല്ലാ കടകളും വൈകിട്ട് ആറരയോടെ അടയ്ക്കണമെന്ന നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സിജെപിയുടെ ചോദ്യം. അതേസമയം പ്രദേശത്തെ സുരക്ഷാ സജ്ജീകരണത്തില്‍ ആശങ്ക ഉയര്‍ത്തിയായിരുന്നു എഎപി അധ്യക്ഷനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ എക്‌സ് പോസ്റ്റ്.
'എല്ലാ കടകളും ആറരയോടെ അടയ്ക്കാനുള്ള നിര്‍ദേശത്തിനൊപ്പം പ്രദേശത്ത് അതിശക്തമായ സുരക്ഷാ വലയം. ആംബുലന്‍സുകളുടെ വലിയ നിര. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആക്രമിക്കുമോ? എന്തിനാണ് കൊണാട്ട് പ്ലേസിലെ കടകള്‍ നേരത്തെ അടയ്ക്കാന്‍ നിര്‍ദേശിച്ചത്?'- കെജ്‌രിവാള്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം കൊണാട്ട് പ്ലേസിന്റെ പരിസരത്തെ സാഹചര്യം ഗുരുതരമാക്കിയ പശ്ചാത്തലത്തിലാണ് കടകള്‍ അടയ്ക്കാനുള്ള നിര്‍ദേശം നല്‍കിയത്. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയ്‌പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവരില്‍ നിന്നും ടെലിഫോണ്‍ വഴി ലഭിച്ച നിര്‍ദേശം അനുസരിച്ചാണ് കടകള്‍ അടയ്ക്കാനുള്ള തീരുമാനമെന്നാണ് എന്‍ഡിടിഎ (ന്യൂഡല്‍ഹി ട്രേഡേഴ്‌സ് അസോസിയേഷന്‍) അറിയിച്ചിരിക്കുന്നത്.
Content Highlights: The directive to close shops in Delhi's Connaught Place has drawn criticism from the CJP and AAP. Both parties questioned the decision and expressed suspicion over the reasons behind the closure order