CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്; നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കാണാമെന്ന് മന്ത്രി

സമരക്കാര്‍ക്ക് ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി

CJPയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ജിതേന്ദ്ര സിങ്; നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കാണാമെന്ന് മന്ത്രി
dot image

ഡല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ജെ പി നദ്ദയുടെ വസതിയിലോ ഓഫീസിലോ ചര്‍ച്ച നടത്താമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. സമരക്കാര്‍ക്ക് ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.

'24 മണിക്കൂറിനിടെ നാല് തവണയെങ്കിലും സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഏത് സമയത്ത് വേണമെങ്കിലും എത്ര നേരം വേണമെങ്കിലും സമരം നടത്താം. പ്രക്ഷോഭം നടന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. മറ്റ് അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യാം. ജെ പി നദ്ദയുടെ വസതിയില്‍ വെച്ച് തുറന്ന മനസോടെ ചര്‍ച്ച ചെയ്യാം. ഞാനും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും', ജിതേന്ദ്ര സിങ് പറഞ്ഞു. ജെ പി നദ്ദയും ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നു. തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് നദ്ദയും വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തിനുമെതിരെ ഇന്നും രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അതേസമയം ഇന്നാദ്യമായി നീറ്റ് പരീക്ഷാ പേപ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ദോഷകരമാക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിന്നാലെ പ്രധാനമന്ത്രിക്ക് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത് വന്നു. യുവാക്കളുടെ ഭാവി നശിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നാശത്തിന് പ്രോത്സാഹനം നല്‍കിയ ആളാണ് പ്രധാനമന്ത്രിയെന്നും ഉത്തരവാദികളായ എല്ലാവരെയും സംരക്ഷിക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക, വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കുക, അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് മോദി ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Content Highlights: Union Minister Jitendra Singh has renewed an invitation to the Cockroach Janata Party (CJP) for discussions regarding its protest against the alleged NEET examination paper leak.

dot image
To advertise here,contact us
dot image