ഹിന്ദുത്വ പ്രവർത്തക, പുരുഷാവകാശ സംഘടനയുടെ പ്രസിഡന്റ്; അഭിജീതിന് നേരെ മഷി കുടഞ്ഞ യുവതിയെ തിരിച്ചറിഞ്ഞു

താനാണ് അഭിജീതിന് നേരെ മഷി കുടഞ്ഞത് എന്ന് കാണിച്ച് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു

ഹിന്ദുത്വ പ്രവർത്തക, പുരുഷാവകാശ സംഘടനയുടെ പ്രസിഡന്റ്; അഭിജീതിന് നേരെ മഷി കുടഞ്ഞ യുവതിയെ തിരിച്ചറിഞ്ഞു
dot image

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് നേരെ മഷി കുടഞ്ഞ യുവതിയെ തിരിച്ചറിഞ്ഞു. ഹിന്ദുത്വ പ്രവര്‍ത്തക ബര്‍ഖ ട്രെഹാന്‍ ആണ് അഭിജീതിനെതിരെ മഷി കുടഞ്ഞത്. ഇവര്‍ പുരുഷാവകാശ സംഘടനയായ പുരുഷ് ആയോഗിന്റെ പ്രസിഡന്റ് കൂടിയാണ്. താനാണ് അഭിജീതിന് നേരെ മഷി കുടഞ്ഞത് എന്ന് കാണിച്ച് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു.

ഈ സ്റ്റോറിയില്‍ അഭിജീത് ദീപ്‌കെയെ അര്‍ബന്‍ നക്‌സല്‍ എന്നാണ് ബര്‍ഖ വിളിച്ചിരിക്കുന്നത്. ശ്രീരാമനെ കോക്രോച്ച് പാര്‍ട്ടി അപമാനിച്ചെന്നും ആ സമയം അഭിജീത് ദീപ്‌കെ ചിരിച്ചെന്നും ഇതിൽ പ്രതിഷേധിച്ചാണ് മഷി കുടഞ്ഞതെന്നുമാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്. ഇത് തന്റെ പ്രതിഷേധമാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറയുന്നു. ജയ്ഹിന്ദ്, ജയ്ശ്രീറാം എന്ന് പറഞ്ഞാണ് അവര്‍ സ്റ്റോറി അവസാനിപ്പിച്ചത്. അഭിജീത് ദീപ്‌കെയ്ക്ക് എതിരായ കയ്യേറ്റ ശ്രമത്തില്‍ ബര്‍ഖ ട്രെഹാനെതിരെ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ശനിയാഴ്ച ജന്തർ മന്തറിലെ സിജെപിയുടെ സമര വേദിയിലായിരുന്നു അഭിജീത് ദീപ്‌കെയ്ക്ക് നേരെ ബര്‍ഖ ട്രെഹാന്റെ കയ്യേറ്റ ശ്രമം നടന്നത്. അഭിജീതിന് നേരെ ഇവര്‍ മഷി കുടയുകയായിരുന്നു. ജയ്ശ്രീറാം വിളിച്ചായിരുന്നു ഇവര്‍ മഷി കുടഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. യുവതി എങ്ങനെ വേദിയില്‍ എത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ല. അഭിജീതിന് നേരെ മഷി കുടഞ്ഞതിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവര്‍ ബര്‍ഖയെ പിടിച്ച് മാറ്റിയിരുന്നു. കയ്യേറ്റ ശ്രമത്തിന് പിന്നാലെയും അഭിജീത് ദീപ്‌കെ നിരാഹാര സമരം തുടര്‍ന്നു. നീല തന്റെ നിറമാണെന്നും മഷി കുടഞ്ഞത് അപമാനമായിട്ട് തോന്നുന്നില്ലെന്നുമായിരുന്നു അഭിജീത് ദീപ്‌കെ പ്രതികരിച്ചത്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് അവിടെയും നിരാഹാര സമരം തുടരുകയാണ്. ഭക്ഷണവും മരുന്നും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര് പറയുന്നത്. സിജെപിക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജിയും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവും ഗവേഷക വിദ്യാര്‍ത്ഥിനിയുമായ നേഹ ബോറയുടെ നിരാഹാര സമരം 20 ദിവസം പിന്നിട്ടു. നേഹയുടെ ആരോഗ്യനില മോശമായ നിലയിലാണ്. എന്നാല്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നേഹയുടെ നിലപാട്.

ശനിയാഴ്ചയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് സംഘവും കേന്ദ്രസേനയും ഇരച്ചെത്തി സോനം വാങ്ചുക്കിനെ ബലമായി ജന്തര്‍ മന്തറില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അഭിജീത് ദീപ്‌കെ അടക്കം പ്രധാന നേതാക്കള്‍ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു പൊലീസ് നടപടി. ഈ സമയം അഭിജീത് വീട്ടുതടങ്കലിലായിരുന്നു എന്നാണ് സിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത് ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായി. മണിക്കൂറുകള്‍ക്കുള്ളില്‍ അഭിജീത് ദീപ്‌കെ സ്ഥലത്തേയ്ക്ക് എത്തി. പൊലീസ് നടപടിയെ വിമര്‍ശിച്ച അഭിജീത്, താന്‍ നിരാഹാര സമരം ആരംഭിക്കുകയാണെന്നും പ്രഖ്യാപിച്ചു. എല്ലാ ജനങ്ങളും ജന്തര്‍ മന്തറിലേക്ക് വരണമെന്നും പോരാട്ടത്തിന് ഒന്നിച്ച് ഇറങ്ങണമെന്നും അഭിജീത് ആവശ്യപ്പെട്ടു. ജന്തര്‍ മന്തറില്‍ എത്താന്‍ സാധിക്കാത്തവര്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കണമെന്നും അഭിജീത് ആവശ്യപ്പെട്ടിരുന്നു. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യോഗേന്ദ്ര യാദവ് സമരവേദിയില്‍ എത്തിയിപ്പോള്‍ അഭിജീത് വികാരാധീനനായി പൊട്ടിക്കരഞ്ഞു. സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര്‍ സമരവേദിയില്‍ എത്തി സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിജെപി സമരത്തിലോ സോനത്തിന്റെ നിരാഹാര സമരത്തിലോ അതുവരെ പ്രതികരിക്കാതിരുന്ന രാഹുല്‍ ഗാന്ധി, സോനത്തെ അറസ്റ്റിന് പിന്നാലെ പൊലീസ് നടപടിയില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. സമാധാനപരമായ പ്രതിഷേധത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 20-ാം തീയതിയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ 27നായിരുന്നു സോനം വാങ്ചുക്ക് സമരപ്പന്തലില്‍ എത്തി നിരാഹാര സമരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ സോനം വാങ്ചുറ്റിന്റെ ശരീരഭാരം 9.5 കിലോ വരെ കുറഞ്ഞിരുന്നു. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലായിരുന്നു. ആരോഗ്യനില മോശമായപ്പോഴും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സോനം. സോനത്തിന്റെ ആരോഗ്യനില പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ സംഘം പരിശോധിക്കാനിരിക്കെയായിരുന്നു ജന്തര്‍ മന്തറില്‍ അതിക്രമിച്ചെത്തി പൊലീസിന്റെ നടപടിയുണ്ടായത്.

Content Highlights- The woman who allegedly threw ink at Hindutva activist and Purush Aghadi organisation president Abhijeet Deepke has been identified.

dot image
To advertise here,contact us
dot image