മമതയ്ക്ക് വീണ്ടും തിരിച്ചടി; ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടി രാജിവെച്ചു

രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് സമര്‍പ്പിച്ചു

മമതയ്ക്ക് വീണ്ടും തിരിച്ചടി; ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടി രാജിവെച്ചു
dot image

ന്യൂഡല്‍ഹി: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി ചലച്ചിത്ര താരവുമായ കോയല്‍ മല്ലിക് രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് സമര്‍പ്പിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് കോയല്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയാണ് രാജി എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി പരിപാടികളിലടക്കം സജീവമായിരുന്നു കോയല്‍ മല്ലിക്. രാജ്യസഭാംഗത്വം രാജിവെക്കുന്നുവെന്നും എത്രയും വേഗം രാജി അംഗീകരിക്കണമെന്നുമാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍രാജിക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. നേരത്തെ തൃണമൂൽ കോൺഗ്രസിൻ്റെ മൂന്ന് രാജ്യസഭാ എംപിമാര്‍ രാജിവെച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എംപിമാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മൂന്ന് മുന്‍ എംപിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു. 2029 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ജൂണ്‍ എട്ടാം തീയതി സുഖേന്ദു ശേഖര്‍ റായി രാജിവെച്ചിരുന്നു.

അഴിമതി, സ്ത്രീ സുരക്ഷ, ക്രമസമാധാന തകര്‍ച്ച, ആരോഗ്യം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ബംഗാള്‍ ജനത ടിഎംസിയെ തിരസ്‌കരിച്ചുവെന്നും സുഖേന്ദു ശേഖര്‍ രാജിക്കത്തില്‍ തുറന്നടിച്ചിരുന്നു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി വോട്ടര്‍മാര്‍ ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയായിരുന്നു സുഷ്മിത ദേവിന്റെ രാജി. ജൂണ്‍ പത്താം തീയതിയായിരുന്നു സുഷ്മിത ദേവ് രാജിവെച്ചത്. 2030 ഏപ്രില്‍ വരെയായിരുന്നു സുഷ്മിത ദേവിന്റെ രാജ്യസഭ കാലാവധി. കോണ്‍ഗ്രസില്‍ നിന്ന് 2021ലായിരുന്നു സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കൊണ്ട് രാജിവെയ്ക്കുന്നുവെന്നായിരുന്നു സുഷ്മിത കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് രാജിക്ക് പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം. സുഷ്മിത ദേവിന് തൊട്ടുപിന്നാലെ ജൂണ്‍ പതിനൊന്നിനായിരുന്നു പ്രകാശ് ചിക് ബറൈയ്ക്ക് രാജിവെച്ചത്.

Content Highlights: TMC Rajya Sabha MP Koel Malik Resigns

dot image
To advertise here,contact us
dot image