മെസി ജ്ഞാനസ്‌നാനം ചെയ്ത കുഞ്ഞ് യമാൽ; വിശ്വവേദിയിൽ ഒരുങ്ങുന്ന ഇതിഹാസ കൈമാറ്റം

മെസ്സിയുടെ ആ മാന്ത്രിക സ്പർശം വെറുതെയായില്ലെന്ന് കാലം തെളിയിച്ചു

മെസി ജ്ഞാനസ്‌നാനം ചെയ്ത കുഞ്ഞ് യമാൽ; വിശ്വവേദിയിൽ ഒരുങ്ങുന്ന ഇതിഹാസ കൈമാറ്റം
ടി പി പ്രശാന്ത്
1 min read|16 Jul 2026, 05:25 pm
dot image

'രണ്ട് ഇതിഹാസങ്ങളുടെ തുടക്കം..'

2007-ൽ എടുത്ത ഒരു പഴയ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ലാമിൻ യമാലിന്റെ പിതാവ് മൗനിർ നസ്രൗയി കുറിച്ച ആ ഒറ്റ വാചകം ഫുട്ബോൾ ലോകത്തെയാകെ ഉലച്ചുകളഞ്ഞു. അന്ന് വെറും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് യമാലിനെ കൗമാര പ്രതിഭാസമായിരുന്ന ലയണൽ മെസ്സി ഒരു ചാരിറ്റി കലണ്ടറിനായി കുളിപ്പിക്കുന്നതായിരുന്നു ആ ചിത്രം.

മെസ്സിയുടെ ആ മാന്ത്രിക സ്പർശം വെറുതെയായില്ലെന്ന് കാലം തെളിയിച്ചു. 2026 ലോകകപ്പിൽ സൗദി ആരാധകർ യമാൽ എവിടെ?" എന്ന് ഗാലറിയിൽ നിന്ന് പരിഹസിച്ചപ്പോൾ, മൈതാനത്ത് വെടിയുണ്ടപോലൊരു ഗോളും അടിച്ച് ഇൻസ്റ്റാഗ്രാമിൽ അവൻ മറുപടി നൽകി: 'ഞാൻ ഇവിടെയുണ്ട്'.

2023 ഏപ്രിൽ 29. ഫുട്ബോൾ ലോകം അമ്പരപ്പോടെ ആ 15 വയസ്സുകാരനെ നോക്കിനിന്നു. ബാഴ്‌സലോണയുടെ സീനിയർ ടീമിൽ പകരക്കാരനായി ലാമിൻ യമാൽ എന്ന കൗമാരക്കാരൻ മൈതാനത്തേക്ക് ഇറങ്ങിയപ്പോൾ അത് ഒരു പുതിയ ചരിത്രത്തിന്റെ തുടക്കമായിരുന്നു.

അസാധ്യമായ ഡ്രിബ്ലിംഗ് പാടവവും പന്തടക്കവുമുള്ള ആ ഇടങ്കാലൻ വിംഗറെ കണ്ട ഫുട്ബോൾ പണ്ഡിതന്മാർക്ക് മറ്റൊരാളെ ഓർമ്മവന്നില്ലെങ്കിലേ അത്ഭുതമുള്ളൂ, ലയണൽ മെസ്സി!. രണ്ടു പതിറ്റാണ്ടോളം ബാഴ്‌സയെ വിജയശിരസ്സിലേറ്റിയ മെസ്സി ക്ലബ് വിട്ടതിന്റെ സങ്കടത്തിലായിരുന്ന കറ്റാലൻ ആരാധകർക്ക് യമാൽ ഒരു പുതിയ പ്രത്യാശയായി.

ബാഴ്‌സലോണയുടെ വിഖ്യാതമായ 'ലാ മാസിയ' അക്കാദമിയിലൂടെയാണ് യമാലും വളർന്നുവന്നത്. ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയും, പ്രമുഖ താരങ്ങളെല്ലാം വിടപറയുകയും ചെയ്ത ഒരു നിർണായക ഘട്ടത്തിലാണ് ഈ കൗമാരക്കാരൻ ബാഴ്‌സയുടെ രക്ഷകനായി അവതരിക്കുന്നത്.

ഇത്രയും ചെറിയ പ്രായത്തിൽ ഉയർന്ന തലത്തിലുള്ള ഫുട്ബോളിൽ യമാൽ കാഴ്‌ചവെച്ച പക്വതയും അസാമാന്യ കഴിവും ആരാധകരെ കോരിത്തരിപ്പിച്ചു. എന്നാൽ മൊറോക്കോയിൽ ജനിച്ച ലാമിന്റെ പിതാവ് മൗനിർ നസ്രൗയി മകന്റെ ഈ പെട്ടെന്നുള്ള വളർച്ചയിൽ അഹങ്കരിക്കാൻ തയ്യാറായിരുന്നില്ല.


വർഷങ്ങളോളം ആ കുടുംബം ലോകത്തിൽ നിന്ന് ഒളിപ്പിച്ചുവെച്ച ഒരു മാന്ത്രിക രഹസ്യമുണ്ടായിരുന്നു. 2024-ലെ യൂറോ കപ്പിൽ സ്‌പെയിനിനായി യമാൽ വിസ്മയങ്ങൾ തീർത്തപ്പോഴാണ് ( പ്രത്യേകിച്ച് സെമിഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ആ കിടിലൻ ഗോൾ) അച്ഛൻ ആ രഹസ്യം പരസ്യമാക്കിയത്.



യൂറോ കപ്പ് വിജയത്തിന് തൊട്ടുപിന്നാലെ നസ്രൗയി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ആ പഴയ ചിത്രം പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു സുനാമി പോലെയാണ് പടർന്നത്. മെസ്സിയുടെ അനുഗ്രഹം കുഞ്ഞിലേ ഏറ്റുവാങ്ങിയ ആ കുട്ടി പിന്നീട് സ്പെയിനിന്റെ വിധി മാറ്റിയെഴുതുകയായിരുന്നു.

അവിടെനിന്നും യമാലിന്റെ കുതിപ്പ് തടയാൻ ആർക്കുമായില്ല. 2025-ലും 2026-ലും ബാഴ്‌സലോണയെ തുടർച്ചയായി ലാ ലിഗ കിരീടത്തിലേക്ക് നയിക്കുന്നതിൽ യമൽ പ്രധാന പങ്കുവഹിച്ചു. ഒടുവിൽ, മെസ്സിയുടെ ഐക്കണിക് നമ്പറായ 10-ാം നമ്പർ ജേഴ്‌സിയും ഈ യുവതാരത്തെ തേടിയെത്തി.

ലാ ലിഗയുടെ അവസാനത്തിൽ പരിക്കിന്റെ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, സ്പെയിനിന്റെ ഏറ്റവും വലിയ പ്രതീക്ഷയായി യമാൽ 2026 ലോകകപ്പിനായി വടക്കേ അമേരിക്കയിലെത്തി. എന്നാൽ ആദ്യ മത്സരത്തിൽ കേപ് വെർഡെയുടെ ഉരുക്കു പ്രതിരോധത്തിന് മുന്നിൽ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുരുങ്ങി. പകരക്കാരനായി ഇറങ്ങിയിട്ടും യമലിന് അന്ന് കളി തിരിക്കാനായില്ല. ലോകകപ്പിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യം സ്പെയിനിനെ സമനിലയിൽ തളച്ചത് വലിയ വാർത്തയായി.

എന്നാൽ, യഥാർത്ഥ ഇതിഹാസങ്ങൾ അധികകാലം നിശ്ശബ്ദരായിരിക്കില്ലല്ലോ! സൗദി അറേബ്യയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽത്തന്നെ യമാൽ തിരിച്ചെത്തി. കിക്കോഫിന് മുമ്പ് അറ്റ്ലാന്റ സ്റ്റേഡിയത്തിലെ സൗദി ആരാധകർ 'യമാൽ എവിടെയാണ്?" എന്ന് ആർത്തുവിളിച്ച് പരിഹസിച്ചിരുന്നു.

എന്നാൽ കളത്തിൽ യമാൽ ഒരൊറ്റയാൾ പ്രകടനത്തിലൂടെ അതിന് മറുപടി നൽകി. അസാധ്യമായ പാസുകളും ആറ് ഗോൾ ശ്രമങ്ങളുമായി കളം നിറഞ്ഞ യമാൽ സ്പെയിൻ 4-0 ന് ജയിച്ച മത്സരത്തിൽ തന്റെ ആദ്യ ലോകകപ്പ് ഗോളും കുറിച്ചു.

ഈ ഗോളോടെ മറ്റൊരു മാന്ത്രിക റെക്കോർഡ് കൂടി യമലിന്റെ പേരിനൊപ്പമായി. തന്റെ 18-ാം വയസ്സും 343 ദിവസവും പ്രായമുള്ളപ്പോഴാണ് യമാൽ ആദ്യ ലോകകപ്പ് ഗോൾ നേടുന്നത്. എന്നാൽ മെസ്സി 2006-ൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ പ്രായം 18 വയസ്സും 357 ദിവസവുമായിരുന്നു. അതായത്, ലോകകപ്പ് ഗോൾ വേട്ടയിൽ യമൽ തന്റെ 'മെസ്സി അണ്ണന്റെ' റെക്കോർഡ് മറികടന്നു.

തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ട്രോഫിയിൽ തൊടാൻ ലയണൽ മെസ്സിക്ക് 35 വയസ്സ് വരെ കാത്തിേണ്ടി വന്നിരുന്നു. എന്നാൽ അത്രയും നീണ്ട കാത്തിരിപ്പ് യമാലിന് വേണ്ടിവരില്ലെന്നാണ് നിലവിലെ സ്പാനിഷ് ടീമിന്റെ ഫോം സൂചിപ്പിക്കുന്നത്

ജൂലൈ 19-ന് നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ വരുമ്പോൾ കളി മുറുകും. മെസ്സിയുടെ സാമ്രാജ്യത്തിലേക്ക് കിരീടം വെച്ച കൗമാരക്കാരനായി യമാൽ നടന്നു കയറുമോ എന്ന് ഫുട്ബോൾ ലോകം കാത്തിരുന്ന് കാണാൻ പോവുകയാണ്!.

content highlights:yamal messi bath photo to world cup final rivalry

dot image
To advertise here,contact us
dot image