

കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ കളിക്കില്ല. പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. അസുഖ ബാധിതനായതിനെ തുടര്‍ന്നാണ് കെഎല്‍ രാഹുലിന് മത്സരം നഷ്ടമായത്.
രാഹുലിന് പകരം ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അറിയിച്ചു. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങളും ആദ്യം ബൗള്‍ ചെയ്യാന്‍ തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.
'ടോസ് നേടിയിരുന്നെങ്കില്‍ ഞങ്ങളും ആദ്യം ബൗളിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു. ടീം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ കളിയില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഇന്നും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തത് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ ഗ്രൗണ്ടില്‍ ഞങ്ങള്‍ക്ക് നല്ല ഓര്‍മകളുണ്ട്. ഞങ്ങളുടെ ടീമില്‍ ഒരു മാറ്റമുണ്ട്; കെ.എല്‍. രാഹുലിന് സുഖമില്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ ടീമിലേക്ക് എത്തിയിരിക്കുന്നു.' -ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
ആദ്യ ഏകദിനം കളിച്ച രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജോഷ് ടംഗ്, ലിയാം ഡോസണ്‍ എന്നിവര്‍ക്ക് പകരം സാഖിബ് മഹ്‌മൂദ്, ഗുസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ ഇംഗ്ലണ്ട് നിരയിലെത്തി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ച് 1-0 ന് മുന്നിലാണ്. അതിനാല്‍ ഇംഗ്ലണ്ടിന് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്.
content highlights: No KL Rahul, Ishan Kishan is wicketkeeper; India to bat first eyeing series win