ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊന്നാനി ബലാത്സംഗക്കേസ്; എന്തുകൊണ്ട് FIR രജിസ്റ്റർ ചെയ്തില്ലെന്ന് ഹൈക്കോടതി

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഹോക്കോടതി

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊന്നാനി ബലാത്സംഗക്കേസ്; എന്തുകൊണ്ട് FIR രജിസ്റ്റർ ചെയ്തില്ലെന്ന് ഹൈക്കോടതി
dot image

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊന്നാനി ബലാത്സംഗക്കേസിൽ പൊലീസിനോട് ഹൈക്കോടതി ഇന്നും ചോദ്യങ്ങൾ ആവർത്തിച്ചു. എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തില്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് സർക്കാറിൻ്റെ മറുപടിക്ക് എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും ഹൈക്കോടതി ചോദിച്ചു.

ഹർജി ഹൈക്കോടതിയിൽ നൽകിയത് കൊണ്ടുമാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ മറുപടി നൽകണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എസ്എച്ച്ഒയ്ക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് സർക്കാരിന് പറയാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കാൻ എസ്എച്ചഒയ്ക്ക് ബാധ്യതയുണ്ട്. പൊലീസ് നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട കേസാണിത്. പൊലീസ് ഉടൻ എഫ്ആർ രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത് ഒൻപതാം തീയതിയാണെന്നും ഇന്ന് പതിനാറാം തീയതി ആയെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ആദ്യം കേസെടുക്കണം പ്രാഥമിക അന്വേഷണമല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ കേസെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യമാകും. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. കഴിഞ്ഞ ദിവസവും ഹൈക്കോടതി കേസിൽ സമാനമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു.

പൊന്നാനി ബലാത്സംഗ കേസിൽ കേസെടുക്കാൻ നേരത്തെ പൊന്നാനി മജിസ്ട്രേറ്റ് കോടതി നി‍ർദ്ദേശം നൽകിയിരുന്നു. അതിജീവിതയുടെ പരാതിയിലാണ് പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, എസ്എച്ച്ഒ വിനോദ് വലിയാറ്റൂർ എന്നിവർ പ്രതികളാകും. 2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്ക് ആധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ അതിജീവിത പൊന്നാനി പൊലീസിനെ സമീപിച്ചിരുന്നു.

Content Highlights: The Kerala High Court has questioned why an FIR was not registered in the Ponnani rape case allegedly involving senior police officials, seeking an explanation from the state authorities over the delay in initiating legal action.

dot image
To advertise here,contact us
dot image