

ന്യൂഡല്‍ഹി: ആപ്പിള്‍ കമ്പനി ഹിന്ദുവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി മധ്യപ്രദേശിലെ തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍. ഐഫോണിന്റെ വെര്‍ച്വല്‍ വോയ്സ് അസിസ്റ്റന്റ് സിരി 'ജയ് ശ്രീ റാ'മിനോട് പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ 'അസ്സലാമു അലൈക്കും' എന്ന മുസ്‌ലിം അഭിവാദ്യത്തിന് 'വാ അലൈക്കും അസ്സലാം' എന്ന് മറുപടി നല്‍കുന്നുവെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്.
ഉജ്ജൈനിലെ ജ്യോതിഷിയായ പവന്‍ പഥക് ആണ് വാര്‍ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം അവതരിപ്പിച്ചത്. 'ഒരു മതത്തിന് വളരെയധികം ബഹുമാനം നല്‍കുമ്പോള്‍ നമ്മുടെ ഹിന്ദുമതം പരിഹസിക്കപ്പെടുന്നു,' അയാള്‍ പറഞ്ഞു.
10 മുതല്‍ 15 വരെ വേര്‍ഷന്‍ ഐഫോണുകളില്‍ ഇത് പരീക്ഷിച്ചുവെന്നും എല്ലാ ഉപകരണങ്ങളിലും ഇങ്ങനെയാണെന്ന് കണ്ടെത്തിയെന്നും അവകാശപ്പെടുന്ന ഒരു വീഡിയോയും അയാള്‍ പങ്കുവെച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പവൻ മുഖ്യമന്ത്രി മോഹന്‍ യാദവിന് കത്തെഴുതി. 'ഐഫോണ്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണ്, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കള്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നു, പക്ഷേ ഇത് ഞങ്ങളെ വഞ്ചിക്കലാണ്', പവന്‍ പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഒരു മതത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ ഹിന്ദു ദേവന്മാരെയും ദേവതകളെയും അനാദരിക്കുകയാണ്. ഒന്നുകില്‍ 'അസ്സലാമു അലൈക്കും' എന്നതിനോട് പ്രതികരിക്കുന്ന ഫീച്ചര്‍ നീക്കം ചെയ്യുക. അല്ലെങ്കില്‍ 'ജയ് ശ്രീ റാം', 'ജയ് മഹാകല്‍', 'ജയ് ശ്രീ ശ്യാം' തുടങ്ങിയ നമ്മുടെ ദേവീദേവതകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുക', വിഎച്ച്പി ഉജ്ജൈന്‍ ജില്ലാ പ്രസിഡന്റ് രാജേഷ് അഞ്ജന ദി പ്രിന്റിനോട് പറഞ്ഞു.
നിരവധി ഐഫോണ്‍ ഉപയോക്താക്കള്‍ ഇതുസംബന്ധിച്ച പരാതികളുമായി തങ്ങളെ സമീപിക്കുകയും സഹായം തേടുകയും ചെയ്തുവെന്നും അതുകൊണ്ടാണ് ഈ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങളെയും തുല്യ ബഹുമാനത്തോടെ പരിഗണിക്കണം. ഇത് തിരുത്തിയില്ലെങ്കില്‍, ഐഫോണ്‍ ബഹിഷ്‌കരിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നും രാജേഷ് മുന്നറിയിപ്പ് നല്‍കി.
Content Highlights: A right-wing worker in Madhya Pradesh conducted a press conference to accuse Apple of being ‘anti-Hindu'