ടിഎംസി ആസ്ഥാനം വിമതർ ഏറ്റെടുത്തു; പാർട്ടി പേരിനും തെരഞ്ഞെടുപ്പ് ചിഹ്നത്തിനും അവകാശവാദം ശക്തമാക്കി

തൃണമൂൽ ഭവനിലെത്തി ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത സംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു

ടിഎംസി ആസ്ഥാനം വിമതർ ഏറ്റെടുത്തു; പാർട്ടി പേരിനും തെരഞ്ഞെടുപ്പ് ചിഹ്നത്തിനും അവകാശവാദം ശക്തമാക്കി
dot image

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ആസ്ഥാനമായ തൃണമൂൽ ഭവൻ വിമത എംഎൽഎമാർ ഏറ്റെടുത്തു. പാർട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനുമുള്ള അവകാശവാദം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിച്ചതിന് പിന്നാലെയാണ് വിമതരുടെ ഈ നീക്കം. ന്യൂഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വെള്ളിയാഴ്ചയാണ് ഇ എം ബൈപാസിലുള്ള തൃണമൂൽ ഭവനിലെത്തി ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത സംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അവിടെ യോഗം ചേർന്നതിനുശേഷം ഓഫീസ് ഗേറ്റുകൾ പൂട്ടിയതായും റിപ്പോർട്ടുണ്ട്.

കെട്ടിടത്തിന്റെ ഉടമകളുമായി ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇനി മുതൽ തൃണമൂൽ ഭവനിൽ നിന്നായിരിക്കും പാർട്ടിയുടെ പ്രവർത്തനങ്ങളെന്നും വിമത നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. തൃണമൂൽ ഭവന് പുറത്ത് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന ബോർഡും വിമത വിഭാഗം സ്ഥാപിച്ചു. മുതിർന്ന എംഎൽഎ അരൂപ് റോയിയെ പാർട്ടി ചെയർപേഴ്സണായി വിമതർ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പാർട്ടി ആസ്ഥാനത്തിന് പുറത്ത് പൊലീസ്, കേന്ദ്രസേന എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിമത നേതാക്കൾ ന്യൂഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നു. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസിന്റെ നിയമാനുസൃത പ്രതിനിധികളെന്നും അതിനാൽ പാർട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനും അവകാശമുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.

വിമതരുടെ നീക്കത്തിനെതിരെ മമത ബാനർജിയുടെ അടുത്ത വിശ്വസ്തരായ മദൻ മിത്രയും കുനാൽ ഘോഷും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിമതരുടെ അവകാശവാദം അടിസ്ഥാനരഹിതം ആണെന്നായിരുന്നു കല്യാൺ ബാനർജിയുടെ പ്രതികരണം.രാജ്ദംഗയിൽ പ്രത്യേക ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതുകൊണ്ട് മാത്രം തൃണമൂൽ കോൺഗ്രസിന്മേൽ അവകാശം സ്ഥാപിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി വിമത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയെയും മമത വിഭാഗം ചോദ്യം ചെയ്തു. 'പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിക്കാൻ നിയമപരമോ സംഘടനാപരമോ ആയ അധികാരമില്ലെന്നാണ് ഇവരുടെ നിലപാട്. ഔദ്യോഗികമായി ചുമതലയുള്ളവർക്ക് കൂടിക്കാഴ്ചയ്ക്ക് അപേക്ഷിക്കാനാകൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും വ്യക്തമാക്കിയിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഒരു കൂടിക്കാഴ്ചയും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാൾക്ക് കമ്മീഷൻ എങ്ങനെ അനുമതി നൽകി' എന്നായിരുന്നു നേതാവ് സൗഗത റോയ്‌യുടെ ചോദ്യം.

Content Highlights: TMC rebels have taken control of the party headquarters, escalating the internal power struggle by asserting their claim over the party name and election symbol. Read the latest developments and political implications.

dot image
To advertise here,contact us
dot image