അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള ആരോപണം; അന്വേഷണം

ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്

അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള ആരോപണം; അന്വേഷണം
dot image

ഡെറാഡൂൺ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിന് പിന്നാലെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണം. ഭക്തർ നല്‍കിയ സംഭാവനയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നു. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നും ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങള്‍ ക്ഷേത്ര കമ്മിറ്റി ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, 1939 ലെ ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ആക്ട്, പ്രകാരം വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സാഹചര്യതെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ബന്ധപ്പെട്ട കക്ഷികളില്‍ നിന്നുള്ള മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബികെടിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ സിംഗ് രംഗദ് വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെന്ന കണ്ടെത്തലുകളുമാണ് വിവാദങ്ങൾക്ക് കാരണമായത്. സംഭവത്തിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു. ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലക്നൌ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ.

Content Highlights: Fresh allegations of irregularities in temple donations have surfaced at Badrinath Temple in Uttarakhand, following the ongoing controversy surrounding the Ayodhya Ram Temple donation case.

dot image
To advertise here,contact us
dot image