വിജയ്‌യെ വിമര്‍ശിച്ച സെല്‍വപ്പെരുന്തഗൈയെ മാറ്റി; ബി മാണിക്കം ടാഗോര്‍ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡിഎംകെയുടെ കടുത്ത വിമര്‍ശകനായ മാണിക്കം ടാഗോർ, നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വിജയ്‌യുടെ നേതൃത്വത്തിലുളള ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട നേതാക്കളില്‍ ഒരാള്‍ കൂടിയാണ്

വിജയ്‌യെ വിമര്‍ശിച്ച സെല്‍വപ്പെരുന്തഗൈയെ മാറ്റി; ബി മാണിക്കം ടാഗോര്‍ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍
dot image

ചെന്നൈ: ബി മാണിക്കം ടാഗോറിനെ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ച് ഹൈക്കമാന്‍ഡ്. നിലവിലെ അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയെ മാറ്റിയാണ് മാണിക്കത്തെ നിയമിച്ചത്. നിലവില്‍ വിരുതുനഗറില്‍ നിന്നുളള എംപിയും ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പുമാണ് ബി മാണിക്കം ടാഗോര്‍. ഡിഎംകെയുടെ കടുത്ത വിമര്‍ശകനായ മാണിക്കം, നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വിജയ്‌യുടെ നേതൃത്വത്തിലുളള ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

ഡിഎംകെയുമായി സഖ്യമുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഡിഎംകെയില്‍ നിന്ന് പൂര്‍ണമായും അകന്ന് ടിവികെയുമായി കൂടുതല്‍ അടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായുളള മാണിക്കം ടാഗോറിന്റെ നിയമനം. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് മാണിക്കം ടാഗോര്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് കെ സെല്‍വപെരുന്തഗൈ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രി വിജയ്‌യെയും ടിവികെ സര്‍ക്കാരിനെയും വിമര്‍ശിച്ചതിന് പിന്നാലെയാണ് സെല്‍വപെരുന്തഗൈയെ സ്ഥാനത്തുനിന്ന് മാറ്റിയത്. മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിജയ് പരിഹസിച്ചതിനെ സെല്‍വപ്പെരുന്തഗൈ ശക്തമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തമിഴ്‌നാട് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഹൈക്കമാന്‍ഡും അതൃപ്തി രേഖപ്പെടുത്തിയിരുന്നതായും അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ടിവികെ സഖ്യത്തില്‍ ചേരണമെന്ന് മാണിക്കം ടാഗോറുള്‍പ്പെടെയുളള നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടപ്പോള്‍ ഡിഎംകെ സഖ്യത്തില്‍ തുടരണമെന്ന് നിലപാട് സ്വീകരിച്ചയാളാണ് സെല്‍വപ്പെരുന്തഗൈ.

Content Highlights: Following internal friction over comments on TVK and CM Vijay, the Congress High Command has replaced K. Selvaperunthagai with Virudhunagar MP B. Manickam Tagore as the new Tamil Nadu Congress Committee (TNPCC) president.

dot image
To advertise here,contact us
dot image