

തൊടുപുഴ: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ രാജാക്കാട്ടുക്കാരുടെ ഓര്‍മ്മകളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് പുതുശേരിയില്‍ ശശി എന്ന അറുപത്തിനാലുകാരനാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ശശി മരണത്തിന് കീഴടങ്ങിയപ്പോള്‍ ജീവനുതുല്യം കാത്തുസൂക്ഷിച്ച തന്‍റെ പഴയ തുണിസഞ്ചിയില്‍ ബാക്കിവെച്ചത് ഒരുലക്ഷം രൂപയിലധികമായിരുന്നു.
അദ്ദേഹത്തിന്‍റെ മരണശേഷം രാജാക്കാട് പഞ്ചായത്ത് അധികൃതര്‍ നടത്തിയ തിരച്ചിലിനിടയിലാണ് ഒരേസമയം അത്ഭുതവും സങ്കടവും നിറഞ്ഞ ആ കാഴ്ച കാണുന്നത്. ടൗണിലെ ജൂവലറിയോട് ചേര്‍ന്ന മുറിയിലായിരുന്നു ശശി തന്‍റെ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. അഞ്ഞൂറിന്‍റെയും ഇരുന്നൂറിന്‍റെയും നൂറിന്‍റെയും നോട്ടുകൾ അടക്കം ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റി അമ്പത്തൊന്ന് രൂപയായിരുന്നു സഞ്ചിയിൽ ഉണ്ടായിരുന്നത്. കഠിനാധ്വാനം ചെയ്തും പലരും സഹായമായി നല്‍കിയതുമായ തുക സ്വരുക്കൂട്ടി വെച്ചതായിരുന്നു അത്. ചെലവഴിക്കാന്‍ പണമുണ്ടായിട്ടും തെരുവുകളിലെ വരാന്തയിലായിരുന്നു ശശി അന്തിയുറങ്ങിയിരുന്നത്.
നാട്ടിലെവിടെയുമൊരു മരണം സംഭവിച്ചാല്‍ എത്ര ദൂരെയാണെങ്കിലും ശശി അവിടെ എത്തുമായിരുന്നു. ചടങ്ങുകളവസാനിക്കും വരെ അവിടെ മൂകസാക്ഷിയായി അയാളുണ്ടായിരുന്നു. കയ്യിലൊരു ഫോണില്ല, ആരോടും സംസാരിക്കാറില്ല, എന്നിട്ടും അയാളെങ്ങനെ എല്ലാ മരണ വാര്‍ത്തയും അറിയുന്നു എന്നത് ഇന്നും രാജാക്കാടുകാര്‍ക്ക് ഒരു നിഗൂഢതയാണ്.
അസുഖബാധിതനായ ശശിയെ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് കിങ്ങിണി രാജേന്ദ്രന്‍, വൈസ് പ്രസിഡന്‍റ് ബെന്നി പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ജോഷി കന്യാക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒടുവില്‍ അയാള്‍ മരണത്തിന് കീഴങ്ങിയപ്പോള്‍ സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ആ മനുഷ്യനെ പഞ്ചായത്ത് അധികൃതര്‍ രാജാക്കാട് പൊതുശ്മശാനത്തില്‍ അടക്കി.
Content Highlight:A bag belonging to Shashi was found to contain more than ₹1 lakh after his death.