ബാലാസാഹേബ് താക്കറെയുടെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് താക്കറെ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്നു: ഏക്നാഥ് ഷിൻഡെ

'ഇത് വെറും ട്രെയിലർ മാത്രമാണ്, സിനിമ ഇപ്പോഴും ബാക്കിയുണ്ട്. എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കൂ'

ബാലാസാഹേബ് താക്കറെയുടെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് താക്കറെ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്നു: ഏക്നാഥ് ഷിൻഡെ
dot image

മുംബൈ: ബാലാസാഹേബ് താക്കറെയുടെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് താക്കറെ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്നുവെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. ശിവസേനയുടെ സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഏക്നാഥ് ഷിൻഡെ. ബാലാസാഹേബിനെ വിമർശിച്ചവരെ ഇന്ന് നിങ്ങൾ ആരാധിക്കുന്നു. എൻസിപിയും കോൺഗ്രസും ശിവസേനയെ തകർത്തു. ഇപ്പോൾ നിങ്ങൾ അവരുടെയൊപ്പം ഇരിക്കുന്നു എന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വിമർശനം. 'ഇത് വെറും ട്രെയിലർ മാത്രമാണ്, സിനിമ ഇപ്പോഴും ബാക്കിയുണ്ട്. എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കൂ' എന്നായിരുന്നു മഹാരാഷ്ട്രയിലെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം.

ബാലാസാഹേബ് താക്കറെയുടെ സ്വപ്നങ്ങൾ താൻ പൂർത്തിയാക്കിയതായും ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടു. 'കടുവ നിങ്ങളുടെ മുന്നിലാണ്. ചില നായകൾ ദിവസങ്ങളായി കുരയ്ക്കുന്നു. അവർ കൂട്ടമായി കുരയ്ക്കും, പക്ഷേ കടുവ ഒറ്റയ്ക്കാണ് വരുന്നത്. ഒരു ഓപ്പറേഷൻ നടത്താൻ കടുവയുടെ ഹൃദയം വേണം. ഒരു ചെന്നായയ്ക്ക് അത് സാധ്യമല്ല' എന്ന ഷിൻഡെയുടെ പ്രതികരണം വിമതനീക്കത്തെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ഏക്നാഥ് ഷിൻഡെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എൻഡിഎ സർക്കാരിനെയും പ്രശംസിച്ചു. പാർട്ടി പ്രവർത്തകർ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹായുതി സഖ്യം വളരെ ഐക്യത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി. താനും ദേവേന്ദ്ര ഫഡ്നാവിസും തമ്മിൽ ഭിന്നത ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും ഏക്നാഥ് ഷിൻഡെ ചൂണ്ടിക്കാണിച്ചു.

പാർട്ടി പ്രവർത്തകർക്ക് തന്റെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടാൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവസേന (യുബിടി)യിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. നേതൃത്വം നൽകാൻ താൻ യോഗ്യനല്ലെന്ന് കരുതുന്നുവെങ്കിൽ പാർട്ടിയുടെ ചുമതല ഏത് പ്രവർത്തകന് വേണമെങ്കിലും താൻ കൈമാറാൻ സന്നദ്ധനാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. ശിവസേനയുടെ സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. പാർട്ടിയെ വഞ്ചിക്കുന്നവർക്കെതിരെ കടുത്ത നിലപാട് എടുക്കാൻ ശിവസേനയുടെ സ്ഥാപക നേതാവ് ബാലാസാഹേബ് താക്കറെ പറഞ്ഞതും ഉദ്ധവ് താക്കറെ അനുസ്മരിച്ചു. ശിവസേനയുടെ ഒൻപതിൽ ആറു ലോക്സഭാ എംപിമാർ അടുത്തിടെ പാർട്ടി വിട്ടുപോയ സംഭവത്തെ പരാമർശിച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.

ശിവസേന (യുബിടി) കോൺഗ്രസുമായി ലയിക്കും എന്ന അഭ്യൂഹങ്ങളെയും ഉദ്ധവ് താക്കറെ തള്ളി. '30 വർഷം ഞങ്ങൾ ബിജെപിയോടൊപ്പം ഉണ്ടായിരുന്നപ്പോൾ പോലും ബിജെപിയുമായി ലയിച്ചില്ലെങ്കിൽ, കോൺഗ്രസുമായി എങ്ങനെ ലയിക്കും? കോൺഗ്രസ് ബിജെപിയുടെ ഹിന്ദുത്വയേക്കാൾ നല്ലതാ'ണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഉദ്ധവ് താക്കറെ വിളിച്ച നിർണായക പാർലമെന്ററി പാർട്ടി യോഗത്തിൽ ആറ് വിമത എംപിമാർ പങ്കെടുത്തിരുന്നില്ല. ഇവർ ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ചേരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Content Highlights: Maharashtra Deputy Chief Minister Eknath Shinde alleged that Uddhav Thackeray abandoned Balasaheb Thackeray's ideology by aligning with Congress and NCP. Read the latest political reactions and developments.

dot image
To advertise here,contact us
dot image