

മുംബൈ: പാർട്ടി പ്രവർത്തകർക്ക് തന്റെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടാൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ശിവസേന (യുബിടി)യിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. നേതൃത്വം നൽകാൻ താൻ യോഗ്യനല്ലെന്ന് കരുതുന്നുവെങ്കിൽ പാർട്ടിയുടെ ചുമതല ഏത് പ്രവർത്തകന് വേണമെങ്കിലും താൻ കൈമാറാൻ സന്നദ്ധനാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. ശിവസേനയുടെ സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
ആരെയും പാർട്ടി അധ്യക്ഷനാക്കാൻ തയ്യാറാണെന്നും ആ സ്ഥാനത്ത് പിടിച്ചുനിൽക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. എന്നാൽ പാർട്ടിയുടെ ആശയധാരയ്ക്കായി നടത്തുന്ന പോരാട്ടം ഉപേക്ഷിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പാർട്ടിയുടെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് ചിലർ കരുതുന്നുണ്ടാകാമെന്നും എന്നാൽ ശിവസേന (യുബിടി) പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ വഞ്ചിക്കുന്നവർക്കെതിരെ കടുത്ത നിലപാട് എടുക്കാൻ ശിവസേനയുടെ സ്ഥാപക നേതാവ് ബാലാസാഹേബ് താക്കറെ പറഞ്ഞതും ഉദ്ധവ് താക്കറെ അനുസ്മരിച്ചു. ശിവസേനയുടെ ഒൻപതിൽ ആറു ലോക്സഭാ എംപിമാർ അടുത്തിടെ പാർട്ടി വിട്ടുപോയ സംഭവത്തെ പരാമർശിച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.
എം പിമാരുടെ നിലപാടിൽ ഉദ്ധവ് താക്കറെ വോട്ടർമാരോട് മാപ്പ് ചോദിച്ചു. ഇന്ന് ഞാൻ വോട്ടർമാരോട് ക്ഷമ ചോദിക്കുന്നു. അവർ നമ്മളെ വിശ്വസിച്ച് വോട്ട് ചെയ്തതാണ്, പക്ഷേ നമ്മുടെ എംപിമാർ പാർട്ടി വിട്ടുപോയി എന്നായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞത്. താൻ പ്രാപ്യനല്ലെന്ന ആരോപണം ഉന്നയിക്കുന്നവർക്കെതിരെയും ഉദ്ധവ് താക്കറെ വിമർശിച്ചു. ശിവസേന പല നേതാക്കളെയും വളർത്തിയെടുത്ത പാർട്ടിയാണ്. താൻ പ്രാപ്യനല്ലായിരുന്നെങ്കിൽ അവർ എങ്ങനെ തിരഞ്ഞെടുപ്പിൽ ജയിച്ചു എന്നായിരുന്നു ഉദ്ധവിൻ്റെ ചോദ്യം.
ശിവസേന (യുബിടി) കോൺഗ്രസുമായി ലയിക്കും എന്ന അഭ്യൂഹങ്ങളെയും ഉദ്ധവ് താക്കറെ തള്ളി. '30 വർഷം ഞങ്ങൾ ബിജെപിയോടൊപ്പം ഉണ്ടായിരുന്നപ്പോൾ പോലും ബിജെപിയുമായി ലയിച്ചില്ലെങ്കിൽ, കോൺഗ്രസുമായി എങ്ങനെ ലയിക്കും? കോൺഗ്രസ് ബിജെപിയുടെ ഹിന്ദുത്വയേക്കാൾ നല്ലതാ'ണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഉദ്ധവ് താക്കറെ വിളിച്ച നിർണായക പാർലമെന്ററി പാർട്ടി യോഗത്തിൽ ആറ് വിമത എംപിമാർ പങ്കെടുത്തിരുന്നില്ല. ഇവർ ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ചേരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Content High Shiv Sena (UBT) chief Uddhav Thackeray says he is prepared to step down if party members lose confidence in his leadership, amid growing internal dissent and rebel activities.