പാനി പൂരി കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദിയും വയറിളക്കവും; 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രദേശത്തെ ഒരു പാനി പൂരി വില്‍പ്പനക്കാരന്റെ കടയില്‍ നിന്നാണ് കുട്ടികള്‍ പാനി പൂരി വാങ്ങി കഴിച്ചത്

പാനി പൂരി കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദിയും വയറിളക്കവും; 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
dot image

ഹൈദരാബാദ്: തെലങ്കാനയില്‍ ഭക്ഷ്യവിഷബാധയേറ്റ് 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജണ്ണ സിരിസില്ല ജില്ലയിലാണ് സംഭവം. പാനി പൂരി കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതെന്നും വയറിളക്കവും ഛര്‍ദിയും മൂലം അവശരായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ അറിയിച്ചു. പ്രദേശത്തെ ഒരു പാനി പൂരി വില്‍പ്പനക്കാരന്റെ കടയില്‍ നിന്നാണ് കുട്ടികള്‍ പാനി പൂരി വാങ്ങി കഴിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ മുതല്‍ ഒന്നിന് പുറകെ ഒന്നായി കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ രക്ഷിതാക്കള്‍ ഇവരെ ജില്ലാ ആശുപത്രിയിലേക്കും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു. പാനി പൂരി കഴിച്ചതാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കാന്‍ കാരണം എന്നാണ് കുടുംബങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ആശുപത്രി അധികൃതര്‍ കുട്ടികളെ നിരീക്ഷിച്ചുവരികയാണ്. അതേസമയം, മലിനമായ ഭക്ഷണമാണോ അതോ മറ്റെന്തെങ്കിലുമാണോ അസുഖ കാരണമെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ പാനി പൂരി കഴിച്ച സ്ഥലത്തുനിന്നും ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Content Highlights: Around 20 children were hospitalised with stomach pain, vomiting, and diarrhoea after eating pani puri in telangana

dot image
To advertise here,contact us
dot image