

രാജ്യത്തെഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വർഷങ്ങളായി വമ്പൻ ആധിപത്യം പുലർത്തിയിരുന്ന ഫോൺപേയും ഗൂഗിൾ പേയും ആദ്യമായി തിരിച്ചടി നേരിടുകയാണ്. രാജ്യത്തെ യൂപിഐ ഇടപാടുകളിൽ ഈ രണ്ട് പ്ലാറ്റ്ഫോമുകളും ചേർന്നുള്ള വിപണി വിഹിതം 80 ശതമാനത്തിന് താഴെയെത്തിയതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ മത്സരം ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്.
നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ 86 ശതമാനത്തോളം വിപണി നിയന്ത്രിച്ചിരുന്ന ഫോൺപേ-ഗൂഗിൾ പേ കൂട്ടുകെട്ടിന്റെ വിഹിതം ഇപ്പോൾ 79 ശതമാനമായി കുറഞ്ഞിട്ടുണ്ട്. യൂപിഐ സംവിധാനം വേഗത്തിൽ വളരുന്നതിനിടെ മറ്റ് കമ്പനികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ ഇടിവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിപണി വിഹിതം കുറഞ്ഞെങ്കിലും ഫോൺപേ ഇപ്പോഴും ഏറ്റവും വലിയ യൂപിഐ പ്ലാറ്റ്ഫോമായി തുടരുകയാണ്. അതേസമയം ഗൂഗിൾ പേ രണ്ടാം സ്ഥാനത്തുമുണ്ട്. എന്നാൽ മുൻപ് ഇരുകമ്പനികളും കൈവശം വെച്ചിരുന്ന അത്രയും വലിയ ആധിപത്യം ഇപ്പോൾ പതിയെ കുറഞ്ഞുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് പുതിയ തലമുറ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളാണ്. നവി, സൂപ്പർ.മണി, ക്രെഡ് , ആമസോൺപേ, മോബിക്വിക് തുടങ്ങിയ കമ്പനികൾ കൂടുതൽ ഉപയോക്താക്കളെ സ്വന്തമാക്കുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. പ്രത്യേക ഓഫറുകൾ, ക്യാഷ്ബാക്ക് പദ്ധതികൾ, റിവാർഡ് പ്രോഗ്രാമുകൾ എന്നിവ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
പ്രത്യേകിച്ച് ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ പിന്തുണയുള്ള സൂപ്പർ.മണി വളരെ വേഗത്തിലാണ് മുന്നേറുന്നത്. ഉപയോക്താക്കൾക്ക് നേരിട്ടുള്ള ക്യാഷ്ബാക്കും ലളിതമായ സേവനങ്ങളും നൽകുന്നതിലൂടെ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. നവിയും സമാന രീതിയിൽ ഉപഭോക്തൃ അടിത്തറ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
യൂപിഐ വിപണി ഏതാനും കമ്പനികളുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കാതിരിക്കണമെന്ന നിലപാടാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്വീകരിക്കുന്നത്. കൂടുതൽ മത്സരവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ചെറിയ കമ്പനികൾക്കും വളരാനുള്ള അവസരം ഉറപ്പാക്കേണ്ടതുണ്ടെന്നാണ് നിയന്ത്രണ ഏജൻസികളുടെ വിലയിരുത്തൽ.

ഇതിനിടെ, ഒരു യുപിഐ പ്ലാറ്റ്ഫോമിന് പരമാവധി 30 ശതമാനം വിപണി വിഹിതം മാത്രമേ അനുവദിക്കാവൂ എന്ന നിർദേശവും ചർച്ചയിലുണ്ട്. എന്നാൽ വിപണിയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ നിർദേശം നടപ്പാക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. അതിനാൽ വലിയ കമ്പനികൾക്ക് നിലവിലെ വളർച്ച തുടരാൻ ഇപ്പോഴും അവസരമുണ്ട്.
ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും കോടികളുടെ ഇടപാടുകളാണ് യൂപിഐ സംവിധാനത്തിലൂടെ നടക്കുന്നത്. ഈ വമ്പൻ സാധ്യത കണക്കിലെടുത്താണ് കൂടുതൽ കമ്പനികൾ രംഗത്തേക്ക് എത്തുന്നതും പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നതും. മത്സരം ശക്തമാകുന്നത് ഉപഭോക്താക്കൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ക്യാഷ്ബാക്ക് ഓഫറുകൾ, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം, പുതിയ സാങ്കേതിക സൗകര്യങ്ങൾ, വേഗമേറിയ സേവനങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് വഴിയൊരുക്കും.
Content Highlights: PhonePe, Google Pay combined market share falls below 80% for the first time