

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകയുമായ മമതാ ബാനര്‍ജിക്കെതിരെ എഫ്‌ഐആര്‍. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് കാണിച്ച് നേതാജി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്. ഈ മാസം മൂന്നിന് കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന പ്രസംഗം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാണ് ആരോപണം. കൊല്‍ക്കത്ത സ്വദേശിയാണ് പരാതി നല്‍കിയത്.
പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി. വോട്ടിംഗ് പാറ്റേണുകള്‍ മാറിയാല്‍ ഒരു പ്രത്യേക വിഭാഗം അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മമത പ്രസംഗത്തില്‍ പറഞ്ഞത്. ഈ പരാമര്‍ശം സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും അനിശ്ചിതാവസ്ഥയും സൃഷ്ടിക്കുന്നതാണ് എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. കഴിഞ്ഞ മാസവും മമതാ ബാനര്‍ജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന അഭിഭാഷകയുടെ പരാതിയില്‍ എഫ്ഐ ആര്‍രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുളളില്‍ വലിയ തോതിലുളള അധികാര തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഉണ്ടായി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് തൃണമൂല്‍ എംപിമാര്‍ക്കിടയില്‍ വലിയ വിമത ഗ്രൂപ്പ് രൂപപ്പെട്ടിരിക്കുകയാണ്. സയോനി ഘോഷ്, യൂസഫ് പത്താന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം മുതിര്‍ന്ന എംപിമാര്‍ ഒപ്പിട്ട കത്ത് പുറത്തുവന്നതോടെ മമതാ ബാനര്‍ജിക്കെതിരായ കലാപം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ലോക്‌സഭയില്‍ പ്രത്യേക ബ്ലേക്കായി ഇരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമത എംപിമാര്‍ ഒപ്പിട്ട് സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് നല്‍കിയ കത്താണ് പുറത്തുവന്നത്. തൃണമൂലിന്റെ മുഖങ്ങളായിരുന്ന കാകോലി ഘോഷ് ദസ്തിദാര്‍, സതാബ്ദി റോയ്, ജൂണ്‍ മാലിയ, സയോണി ഘോഷ്, യൂസുഫ് പഥാന്‍ എന്നിവര്‍ ഒപ്പിട്ട എംപിമാരുടെ കൂട്ടത്തിലുണ്ട്. താര മുഖങ്ങളായ യൂസുഫ് പത്താനും ശത്രുഘ്‌നന്‍ സിന്‍ഹയും സയോണി ഘോഷും ഉള്‍പ്പെടെ 19 എംപിമാര്‍ വിമത നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് തൃണമൂല്‍ ക്യാമ്പിന് കനത്ത തിരിച്ചടിയായിരുന്നു. കത്ത് പുറത്തുവന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കുകയാണ്.
Content Highlights: An FIR has been registered against West Bengal Chief Minister Mamata Banerjee for allegedly delivering a provocative speech. Get the latest updates, reactions, and legal implications