

പൂനെ: രാജ്യതലസ്ഥാനത്തെ ഒത്തുചേരലിന് പിന്നാലെ ജൂണ്‍ 11ന് പൂനെയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി. പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കേ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് വീണ്ടും പ്രതിഷേധം.
മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പൂനെയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധിക്കുക. പൂനെയിലെ എത്ര പാറ്റകള്‍ അവിടെ ഒത്തുചേരും എന്ന് എക്സിൽ കുറിച്ച് പൂനെയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട സിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പങ്കുവെച്ചിട്ടുണ്ട്. ജൂണ്‍ 11ന് വൈകിട്ട് നാലിന് സാവിത്രിഭായി ഫൂലേ യൂണിവേഴ്‌സിറ്റിയാണ് പ്രതിഷേധത്തിന് വേദിയാകുന്നത്.
ജൂണ്‍ 13ന് ഉള്ളില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചില്ലെങ്കില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകന്‍ ദീപ്‌കേ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. നേരിട്ട് തന്നെ എല്ലായിടത്തും എത്തുമെന്നും ദീപ്‌കേ ഞായറാഴ്ച രാത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജെന്‍സികള്‍ നേപ്പാളിലും ബംഗ്ലാദേശിലും നടത്തിയ പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ജൂൺ ആറിന് ഡൽഹി വിമാത്താവളത്തിൽ വന്നിറങ്ങിയ ദീപ്‌കേ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധം സമാധാനപൂര്‍ണമാണെന്നും അതിനെ അയല്‍രാജ്യങ്ങളിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ദീപ്‌കേ പറഞ്ഞിരുന്നു. അത്തരം താരതമ്യങ്ങൾ നടത്തി ഇന്ത്യയിലെ യുവാക്കളെ (GenZ) അപമാനിക്കുകയോ കുറച്ചുകാണുകയോ ചെയ്യരുതെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: CJP has organized a protest in Pune demanding the resignation of Dharmendra Pradhan