

ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴ് വര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നും അണ്ണാമലൈ പറയുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകാന്‍ അനുവദിക്കണമെന്നും അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി.
അതേസമയം കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് നേതാക്കള്‍ അണ്ണാമലൈയോട് ആവശ്യപ്പെട്ടു. അണ്ണാമലൈ പാര്‍ട്ടിവിട്ടാല്‍ അദ്ദേഹത്തിന് പിന്നാലെ വലിയൊരു കൊഴിഞ്ഞുപോക്ക് തമിഴ്‌നാട് ബിജെപിയിലുണ്ടാകുമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളില്‍ തന്റെ തീരുമാനം വ്യക്തമാക്കുമെന്നാണ് തിങ്കളാഴ്ച അണ്ണാമലൈ അറിയിച്ചത്.
ചൊവ്വാഴ്ച ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് നല്‍കിയ രാജിക്കത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിക്കേറ്റ തിരിച്ചടിയെ കുറിച്ചുള്ള റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ പാര്‍ട്ടിയോ അണ്ണാമലൈയോ പ്രതികരിച്ചിട്ടില്ല. രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിക്ക് പിന്നിലെ കാരണം അമിത് ഷായോട് വിശദീകരിക്കുകയും ചെയ്തു. അണ്ണാമലൈയോട് തലസ്ഥാനത്ത് തുടരാനാണ് നേതൃത്വം നിര്‍ദേശം നല്‍കിയത്. തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് തന്നെ നൈനാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
അമിത് ഷായും നബിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അണ്ണാമലൈ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും അണ്ണാമലൈ പിന്‍മാറില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുടെ പ്രതികരണം. നാലു വര്‍ഷത്തോളം പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ അനുവദിച്ച പാര്‍ട്ടിക്ക് നന്ദി അറിയിച്ച അണ്ണാമലൈ പിന്നീട് തന്നെ അരികുവത്കരിച്ചുവെന്നും രാജിക്കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം.
ബിജെപിയുടെ തമിഴ്‌നാട്ടിലെ വോട്ടുവിഹിതം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ 11%നിന്നും ഈ വര്‍ഷത്തെ നിയസഭസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് ശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നില്‍ എഐഎഡിഎംകെയുമായുള്ള സഖ്യമാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അസംബ്ലി പാര്‍ട്ടി പ്രാതിനിധ്യം നാലില്‍ നിന്നും ഒന്നിലേക്ക് ചുരുങ്ങിയതും അണ്ണാമലൈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Content Highlights: Annamalai has reportedly adopted a firm position, stating that he should be given a long-term role as party president or be allowed to leave the party.