

ന്യൂഡല്‍ഹി: വിധി പറയുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഹൈക്കോടതികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സുപ്രീംകോടതി. വിധി പറയുന്നതിനായി മാറ്റിവെച്ച കേസുകളില്‍ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്നും ജാമ്യാപേക്ഷകളിലെ ഉത്തരവുകള്‍ വാദം കേള്‍ക്കുന്ന അതേ ദിവസം തന്നെയോ, അല്ലെങ്കില്‍ പരമാവധി അടുത്ത ദിവസമോ പ്രസ്താവിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തടവുകാരന്റെ മോചനം സംബന്ധിച്ച് ജാമ്യം അനുവദിച്ചതിന്റേയും ശിക്ഷ മരവിപ്പിച്ചതിന്റെയും ഉത്തരവുകള്‍ ജയില്‍ അധികൃതരെ ഉടന്‍ തന്നെ അറിയിക്കണം. വിധിയുടെ പ്രധാന ഭാഗം മാത്രമാണ് പ്രസ്താവിക്കുന്നതെങ്കില്‍ കാരണങ്ങള്‍ സഹിതമുള്ള വിശദമായ വിധിന്യായം 15 ദിവസത്തിനകം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. കേസ് വിധി പറയാന്‍ മാറ്റിവെച്ച് നാല് മാസമായിട്ടും വിധി പ്രസ്താവിച്ചില്ലെങ്കില്‍, കേസ് മറ്റൊരു ബെഞ്ചിന് വിട്ടുനല്‍കാന്‍ കക്ഷികള്‍ക്ക് ചീഫ് ജസ്റ്റിസിനോട് അപേക്ഷിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിധിയുടെ പ്രധാന ഭാഗം പ്രസ്താവിച്ച് ഒരു മാസത്തിനകം കാരണങ്ങള്‍ സഹിതമുള്ള വിധിന്യായം നല്‍കിയില്ലെങ്കിലും കേസ് മറ്റൊരു ബെഞ്ചിന് കൈമാറാന്‍ കക്ഷികള്‍ക്ക് ചീഫ് ജസ്റ്റിസിനോട് അപേക്ഷിക്കാം. കാരണങ്ങള്‍ സഹിതമുള്ള വിധിന്യായം തുറന്ന കോടതിയില്‍ പ്രസ്താവിച്ചാല്‍ 24 മണിക്കൂറിനകം അത് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളില്‍ വിധി പറയാന്‍ മാറ്റിവെച്ച തീയതി, വിധി പ്രസ്താവിച്ച തീയതി, വിധി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത തീയതി എന്നിവ രേഖപ്പെടുത്തണം എന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.
Content Highlights: The Supreme Court has issued guidelines for High Courts to prevent delays in pronouncing judgments and ensure timely delivery of verdicts