

മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്നതിനെ കുറിച്ച് മനസ് തുറന്ന് മോഹൻലാൽ. മകൾ സ്വയം സിനിമയിൽ കഴിവ് തെളിയിക്കണമെന്നും ഇത്രമേൽ മത്സരം നിറഞ്ഞ ഒരു മേഖലയിൽ എങ്കിൽ മാത്രമേ നിലനിൽക്കാനാവുകയുള്ളു എന്നും മോഹൻലാൽ പറഞ്ഞു. താൻ 48 വർഷമായി സിനിമയിലെത്തിയിട്ട് എന്ന് ആലോചിക്കുമ്പോൾ പിന്നിട്ട ബുദ്ധിമുട്ടേറിയ നാളുകൾ ഓർമയിലെത്താറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'അച്ഛൻ-മകൾ എന്ന രീതിയിൽ ഞാൻ മകളുടെ സിനിമാപ്രവേശനത്തെ കണ്ടിട്ടില്ല. അവരുടെ ഇഷ്ടത്തിന് സമ്മതം നൽകുക എന്നതാണ്. അവൾക്ക് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു, അഭിനയിക്കട്ടെ എന്ന് ഞാനും പറഞ്ഞു. വിസ്മയ മാർഷ്യൽ ആർട്‌സ് പഠിച്ചയാളാണ്. അത്തരത്തിലൊരു സിനിമ ചെയ്യണമെന്നാണ് അവൾ ആഗ്രഹിച്ചത്. ഇനി അവരാണ് പ്രൂവ് ചെയ്യേണ്ടത്. എന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അപ്പുവും വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളു. എങ്ങനെ സിനിമ ചെയ്യാതിരിക്കാം എന്ന് നോക്കുന്നയാളാണ് അവൻ.

സിനിമാമേഖലയെ കുറിച്ചോ അഭിനയത്തെ കുറിച്ചോ ഞാൻ ഉപദേശമൊന്നും അവർക്ക് നൽകിയിട്ടില്ല. മക്കൾ സിനിമയിൽ ജനിച്ച് വീഴവരാണ്. എന്റെ ഭാര്യയുടെ കുടുംബവും സിനിമയുമായി വലിയ ബന്ധമുള്ളവരാണ്. മറ്റേത് മേഖലയിലെയും പോലെ സിനിമയിലും നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ ജീവിതം നിശ്ചയിക്കുക. സിനിമ പോലെ ഇത്രയും വലിയ മാജിക്കുള്ള വേറൊരു എന്റർടെയ്ൻമെന്റ് ഇല്ലല്ലോ. അവിടെ നിലനിൽക്കാനും വിജയിക്കാനും വലിയ ഭാഗ്യം വേണം. ഭാഗ്യം എന്നത് ഒരു വാക്ക് മാത്രമല്ല, അത് നിങ്ങളുടെ ജീവിതരീതിയും ആത്മീയപാതയും സമർപ്പണബോധവും എല്ലാം ചേർന്നതാണ്.
ഞാൻ 48 വർഷമായി സിനിമയിൽ വന്നിട്ട്. അവിടെ നിലനിൽക്കുക എന്നത് ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് എനിക്ക് അറിയാം. തിരിഞ്ഞുനോക്കുമ്പോൾ കടന്നുവന്ന നാളുകളിലെ പ്രയാസവും ബുദ്ധിമുട്ടുകളുമെല്ലാം ഓർമയിലെത്താറുണ്ട്. വലിയ മത്സരമുള്ള മേഖലയാണ് സിനിമ. എന്റെ മകളോടായാലും സിനിമയിലെത്താൻ ആഗ്രഹിക്കുന്ന ഓരോരുത്തരോടായാലും എനിക്ക് ഒന്നേ പറയാനുള്ളു. ഉള്ളിലൊരു തീ ഉണ്ടാകണം, അതിനെ ഡെഡിക്കേഷനും കമ്മിറ്റ്‌മെന്റും ഉണ്ടാകണം. എങ്കിൽ മാത്രമേ സക്‌സസ്ഫുള്ളാകൂ. എന്റെ അച്ഛൻ ഇദ്ദേഹമാണ്, എനിക്ക് ഈ ഡയറക്ടറെ അറിയാം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല,' മോഹൻലാൽ പറഞ്ഞു.
Content Highlights: Mohanlal says his daughter has to prove herself if she wants to be sucessful in malayalam cinema. He adds surname alone will not pave the way.