

ലിവർപൂൾ വിട്ട മുഹമ്മദ് സലായ്ക്ക് വൈകാരിക ആശംസ നേർന്ന് മുൻ ഇന്ത്യൻ താരം സി കെ വിനീത്. ഫുട്ബോളിലെ എല്ലാ വിടവാങ്ങലും വൈകാരികമായി തോന്നാറില്ലെന്നും എന്നാൽ ചിലർ ക്ലബ്ബിന്റെ ആത്മാവിന്റെ ഭാഗമാകുന്നുവെന്നും ലിവർപൂൾ എഫ്‌സിയുടെ ചരിത്രത്തിലെ അനശ്വര അധ്യായമായി ഇനി മുഹമ്മദ് സാലയുമുണ്ടാകുമെന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ..
''ഫുട്ബോളിലെ എല്ലാ വിടവാങ്ങലും വൈകാരികമായി തോന്നാറില്ല . എന്നാൽ ചിലർ ക്ലബ്ബിന്റെ ആത്മാവിന്റെ ഭാഗമാകുന്നു. ലിവർപൂൾ എഫ്‌സിയുടെ ചരിത്രത്തിലെ അനശ്വര അധ്യായമായി ഇനി മുഹമ്മദ് സാലയും.
ഒരു സീസണിലെ മാത്രം അത്ഭുതമെന്നുവിളിച്ചവർക്ക് മുന്നിൽ ഓരോ സീസണിലും അത്ഭുതങ്ങളുടെ പെരുമഴ തീർത്തയാൾ ആൻഫീൽഡിൽ പെയ്‌തു തോർന്നു . ക്ലബ്ബിൽ എത്തിയ നിമിഷം മുതൽ, അദ്ദേഹം തീർത്ത ഗോളുകളുടെ, ട്രോഫികളുടെ മറക്കാനാവാത്ത രാത്രികളുടെ ഓർമ്മകൾ ബാക്കിയാക്കി പുതിയ ലിവർപൂളിന്റെ ഐഡന്റിറ്റിയുടെ ഭാഗമായിരുന്ന വലതു വശത്തു നിന്ന് ബോക്സിലേക്ക് കടന്നു ഇടങ്കാലുകൊണ്ടു തീർക്കുന്ന മാജിക് അവസാനിച്ചു .
ക്ലബ് ആരാധകരെ “Doubters to belivers” ആക്കിയ, അവരെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ച ആൻഫീൽഡിലെ രാത്രികൾ അവിസ്മരണീയമാക്കിയ അസാധ്യ നിമിഷങ്ങളെ സാധ്യമാക്കിത്തീർത്ത എത്രയെത്ര ഗോളുകളും അസ്സിറ്റുകളും. ലിവർപൂൾ ആരാധകരുടെ ജീവിതത്തിന്റെ ഭാഗമായി എന്നേക്കും നിലനിൽക്കുന്ന ഓർമ്മകൾ.
ലിവർപൂളിനെ ലോക ക്ലബ് ഫുട്ബോളിന്റെ ഉന്നതിയിലേക്ക് തിരികെ കൊണ്ടുവന്നവരുടെ കൂട്ടത്തിലെ ഏറ്റവും മികച്ച താരമായ മോ ഇനി ക്ലബ്ബിന്റെ ഇതിഹാസങ്ങൾക്കൊപ്പം .
ഓരോ ഗോളിനും,
ഓരോ അസിസ്റ്റിനും,
ഓരോ രാത്രിക്കും,
ആൻഫീൽഡിനെ ജീവിപ്പിച്ച ഓരോ നിമിഷത്തിനും നന്ദി, കിങ് മോ
you will never walk alone!'. കുറിപ്പ് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.
കരാറിൽ ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് സലാ ആൻഫീൽഡിന്റെ പടിയിറങ്ങുന്നത്. 2017 ൽ എഎസ് റോമയിൽ നിന്ന് ഏകദേശം 50 മില്യൺ ഡോളറിനാണ് സലാ ലിവർപൂളിൽ എത്തിയത്.
435 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ നേടിയ അദ്ദേഹം ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറി. ഇതോടെ ലിവർപൂളിന്റെ എക്കാലത്തെയും മികച്ച സ്കോറർമാരുടെ പട്ടികയിൽ റോജർ ഹണ്ടിനും (285) ഇയാൻ റഷിനും (346) പിന്നിൽ മൂന്നാം സ്ഥാനത്താണ് സലാ.
ആൻഫീൽഡിലെ ഒമ്പത് വർഷത്തിനിടയിൽ, ക്ലബ്ബിന് എട്ട് പ്രധാന ട്രോഫികൾ നേടാൻ അദ്ദേഹം സഹായിച്ചു. അതിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പുകൾ, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ ഉൾപ്പെടുന്നു.
content highlights:ck vineeth emotional tribute to mohamed salah liverpool exit football