കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്ന് ഗവര്‍ണര്‍; വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

നാളെ പത്ത് മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതിയാണ് വിജയ് തേടിയത്

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്ന് ഗവര്‍ണര്‍; വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
dot image

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നീക്കം അനിശ്ചിതത്വത്തിൽ. സർക്കാർ രൂപീകരിക്കാൻ മതിയായ അംഗങ്ങൾ ടിവികെയ്ക്ക് ഉണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥിനെ ബോധ്യപ്പെടുത്താൻ ടിവികെയ്ക്ക് സാധിച്ചില്ല. ഇതോടെ ഗവർണർ നിയമോപദേശം തേടി. 118 പേരുടെ പട്ടിക ഗവർണർ ആവശ്യപ്പെടുമെന്നാണ് വിവരം.

നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ടിവികെ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടെങ്കിലും വ്യക്തത വേണമെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറയുന്നു. ടിവികെക്ക് 108 എംഎൽഎമാരാണ് ഉള്ളത്. ഇവർക്കൊപ്പം പിന്തുണയുമായി അഞ്ച് കോൺഗ്രസ് എംഎൽഎമാർ കൂടി ചേർന്നതോടെ അംഗബലം 112 ആയി ഉയർന്നു. വിജയ് വിജയിച്ച ഒരു മണ്ഡലം ഒഴിവാക്കിയുള്ള കണക്കാണിത്. എന്നാൽ 234 അംഗ അസംബ്ലിയിൽ ഭൂരിപക്ഷമായ 118 അംഗങ്ങളുടെ പിന്തുണ വേണം. ഇനി ഏത് പാർട്ടി വിജയുടെ പാർട്ടിയെ പിന്തുണയ്ക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല. രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി ഉൾപ്പെടെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം 118 എംഎൽഎമാർ ഉണ്ടെന്ന് വ്യക്തമാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകാൻ കഴിയൂ എന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഇന്ന് ടിവികെ മേധാവിയായ വിജയ്ക്ക് പുറമേ കെ എ സെങ്കോട്ടയ്യൻ, ബുസി എൻ ആനന്ദ്, അരുൺരാജ്, ആദവ് അർജുൻ ഉൾപ്പെടെയുള്ളവരാണ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണറെ സന്ദർശിച്ചത്. കൂടിക്കാഴ്ചയിൽ പാർട്ടിയുടെ മുഖ്യമന്ത്രി മുഖമായി തന്നെ തെരഞ്ഞെടുത്ത 108 എംഎൽഎമാരുടെ ഒപ്പടങ്ങിയ വിശദമായ കത്ത് ഗവർണർക്ക് വിജയ് കൈമാറി. നാളെ പത്തു മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതിയാണ് ഗവർണറോട് വിജയ് ആവശ്യപ്പെട്ടത്.

Content Highlights: Uncertainty has emerged over Vijay’s swearing-in as chief minister, with the Tamil Nadu governor seeking legal advice regarding the government formation process. The development indicates procedural concerns and may delay the oath ceremony

dot image
To advertise here,contact us
dot image