ഔദ്യോഗിക പ്രസംഗത്തെ മോദി രാഷ്ട്രീയ പ്രസംഗമാക്കി, ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം: മല്ലികാർജുൻ ഖർഗെ

ജനാധിപത്യത്തെയും ഭരണഘടനയെയും മോദി പരിഹസിക്കുന്നുവെന്നും ഖര്‍ഗെ

ഔദ്യോഗിക പ്രസംഗത്തെ മോദി രാഷ്ട്രീയ പ്രസംഗമാക്കി, ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം: മല്ലികാർജുൻ ഖർഗെ
dot image

ന്യൂഡൽഹി: ഔദ്യോഗിക പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പ്രസംഗമാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു. എതിരാളികളെ ആക്രമിക്കാന്‍ മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും മോദി പരിഹസിക്കുന്നുവെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. മോദി രാജ്യത്തോട് കള്ളം പറയുകയാണ്. പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഖര്‍ഗെ വിമര്‍ശിച്ചു.

പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ ഒരു പവിത്രതയുണ്ടെന്നും അത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പക്ഷം പിടിക്കുന്നതായിരിക്കരുതെന്നും ജയറാം രമേശ് പറഞ്ഞു. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തത്ര ഭീരുവാണ് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധ ചെയ്യുന്നതിനേക്കാൾ പത്രസമ്മേളനമായിരുന്നു കൂടുതൽ ഉചിതം. സ്ത്രീകളെ കവചമാക്കി മണ്ഡല പുനർനിർണയം നടത്താൻ ശ്രമിച്ച മോദിയാണ് മാപ്പുപറയേണ്ടത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ദുർബലപ്പെടുത്താനാണ് മോദി ശ്രമിച്ചതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

വനിതാ ബില്‍ പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദിക്കെതിരെ ജോൺ ബ്രിട്ടാസ് എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തിയിരുന്നു.

ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞത്. വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പകപോക്കാനാണ് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്. പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ ഇന്നലെയോ ഇന്നോ പാര്‍ലമെന്റില്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്താമായിരുന്നു. അതൊന്നും ചെയ്യാതെ ഒരു പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സവിശേഷമായ അവകാശം വിനിയോഗിച്ച് തീര്‍ത്തും തരംതാണ പ്രസ്താവനയാണ് മോദി നടത്തിയതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിമർശനം. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒരു ചതിക്കുഴിയാണ്. നിലവിലുള്ള 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 33 ശതമാനം വനിതാ സംവരണം കൊണ്ടുവന്നാല്‍ പിന്തുണ നല്‍കാമെന്ന് തങ്ങള്‍ പറഞ്ഞതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Mallikarjun Kharge alleged that Narendra Modi converted an official speech into a political address.

dot image
To advertise here,contact us
dot image