'മോദിയെ പ്രീണിപ്പിക്കാന്‍ പൗരന്മാരോട് കള്ളം പറയരുത്'; പവന്‍ കല്യാണിനെതിരെ പ്രകാശ് രാജ്

'ആന്ധ്രാ ജനതയുടെ അവകാശങ്ങളും അന്തസ്സും പണയപ്പെടുത്തരുത്. ഇതിനെക്കുറിച്ച് സംവാദത്തിന് തയ്യാറാണ്', പ്രകാശ് രാജ് പറഞ്ഞു

'മോദിയെ പ്രീണിപ്പിക്കാന്‍ പൗരന്മാരോട് കള്ളം പറയരുത്'; പവന്‍ കല്യാണിനെതിരെ പ്രകാശ് രാജ്
dot image

അമരാവതി: വനിതാ സംവരണ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. മോദിയെ പ്രീണിപ്പിക്കാന്‍ പൗരന്മാരോട് കള്ളം പറയരുത് എന്നാണ് പ്രകാശ് രാജ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. സംവാദത്തിനായി പവൻ കല്യാണിനെ താരം വെല്ലുവിളിക്കുകയും ചെയ്തു.

'മോദിയെ തൃപ്തിപ്പെടുത്താൻ പൗരന്മാരോട് കളവ് പറയുന്നത് ഒഴിവാക്കൂ. 2023ൽ തന്നെ വനിതാ സംവരണ ബിൽ പാസായി. അത് ഇപ്പോൾ വേണമെങ്കിലും നടപ്പാക്കാം. എന്നാല്‍ ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന ഡിലിമിറ്റേഷന്‍ ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആന്ധ്രാ ജനതയുടെ അവകാശങ്ങളും അന്തസ്സും പണയപ്പെടുത്തരുത്. ഇതിനെക്കുറിച്ച് സംവാദത്തിന് തയ്യാറാണ്', പ്രകാശ് രാജ് പറഞ്ഞു.

ശനിയാഴ്ചയാണ് വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് പവൻ കല്യാൺ പോസ്റ്റ് പങ്കുവച്ചത്. നിയമസഭകളിൽ വനിതകളുടെ പ്രാതിനിധ്യം ശക്തമാക്കാനുള്ള ചരിത്രപരമായ അവസരമാണ് പ്രതിപക്ഷം മനഃപൂർവം തടഞ്ഞതെന്നായിരുന്നു പവൻ കല്യാൺ എക്‌സിൽ കുറിച്ചത്. ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നാണ് ബിൽ പാസാവാതെ പോയതെന്നും പവൻ കല്യാൺ പറഞ്ഞിരുന്നു.

ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വനിത ശാക്തീകരണത്തെ പിന്തുണയ്ക്കാനുമുള്ള ഒരു താത്പര്യവും കോൺഗ്രസിനില്ലെന്ന് അവരുടെ നിലപാട് വ്യക്തമാക്കുന്നുവെന്നും പവൻ കല്യാൺ കുറ്റപ്പെടുത്തി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദേശീയ പുരോഗതിയെ പ്രതിപക്ഷം ബലികഴിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും പവൻ കല്യാൺ വ്യക്തമാക്കിയിരുന്നു.

Content Highlights: Actor Prakash Raj strongly criticised Andhra Pradesh Deputy CM Pawan Kalyan over his remarks blaming the Opposition for blocking the Women’s Reservation Bill in Parliament

dot image
To advertise here,contact us
dot image