

അക്ഷയ തൃതീയ വേളയില്‍ ഇന്ത്യയിലെ സ്വര്‍ണ വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ട്. പരമ്പരാഗതമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ട്രെന്‍ഡിനൊപ്പം തന്നെ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളിലേക്കും (ഡിജിറ്റല്‍ ഗോള്‍ഡ്) എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും (ഇടിഎഫ്) നിക്ഷേപകര്‍ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നു. സ്വര്‍ണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവും കാരണം അനവധി നിക്ഷേപകരാണ് ഡിജിറ്റല്‍ ഗോള്‍ഡ് തിരഞ്ഞെടുക്കുന്നത്.
സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും അക്ഷയ തൃതീയ പ്രമാണിച്ച് ആഭരണ വിപണിയില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, ഭാരമേറിയ ആഭരണങ്ങള്‍ക്ക് പകരം ഭാരം കുറഞ്ഞതും നിത്യേന ധരിക്കാന്‍ കഴിയുന്നതുമായ ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. സ്വര്‍ണത്തെ ഒരു നിക്ഷേപമായി കാണുന്നവര്‍ ഇപ്പോള്‍ ഗോള്‍ഡ് ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയിലാണ് താല്‍പര്യപ്പെടുന്നത്.
പണിക്കൂലി നല്‍കേണ്ടതില്ല എന്നതും വില്‍ക്കുമ്പോള്‍ മൂല്യം കുറയില്ല എന്നതുമാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്. ചെറിയ തുകയ്ക്ക് പോലും സ്വര്‍ണം വാങ്ങാമെന്ന സൗകര്യവും ജനപ്രീതി വര്‍ധിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും യുപിഐ ആപ്പുകള്‍ വഴി ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാനുള്ള സൗകര്യവും യുവതലമുറയെ ഇതിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
Content Highlights: Akshaya Tritiya trend: Digital gold gains alongside jewellery buying; analysts see shift in investor choices