

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക് നീട്ടി കെ സുധാകരന്‍ എംപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയ സുധാകരന്‍, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച പാര്‍ലമെന്റിലെ ഖര്‍ഗെയുടെ ചേംബറില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോള്‍ ചടുതലതയും കരുത്തുമാണ് നോക്കേണ്ടതെന്നും കെ സി വേണുഗോപാലിന് അതുണ്ടെന്നും കെ സുധാകരന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ത്ത് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
'പരിചയ സമ്പത്തും സീനിയോരിറ്റിയുമുള്ള ആള്‍ മുഖ്യമന്ത്രിയാകണം. രമേശ് ചെന്നിത്തലയുടെ പേരാണ് ഞാൻ മുന്‍പ് പറഞ്ഞത്. അദ്ദേഹത്തിന് ഭരണപരമായ പ്രവൃത്തി പരിചയമുണ്ട് എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ ചടുലമായ പ്രവര്‍ത്തനാണ് ആവശ്യം. കെ സി വേണുഗോപാലിന് അതുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണ്. ചര്‍ച്ചകള്‍ നടത്തുന്നത് മാധ്യമങ്ങളാണ്. ഞാന്‍ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചില്ല. ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണ്', കെ സുധാകരന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികമാണെന്ന് കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. തീരുമാനം എടുക്കുന്നതുവരെ ചര്‍ച്ചയാകാം. പാര്‍ട്ടിയുടെ രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമാണോയെന്ന ചോദ്യത്തോട് 'എന്താണ് ക്ഷീണം' എന്നായിരുന്നു സുധാകരന്റെ മറുചോദ്യം. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തികളല്ല. അതില്‍ എന്താണ് പ്രശ്നം. ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ഫലം വന്ന് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യസംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
Content Highlights- K Sudhakaran informed Mallikarjun Kharge that K C Venugopal should become Chief Minister