

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്‌വാളാണ് ബില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്‍ പാസാകും. സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്ര ഭരണ നിയമ ഭേദഗതി ബില്‍ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളെയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയുമായി 18 മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. ബില്‍ ലോക്‌സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും അനുവദിക്കുന്നതാണ് പുതിയ ബില്‍. മണ്ഡല പുനര്‍നിര്‍ണയം 2026 സെന്‍സസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്‍ കൊണ്ടുവരുന്നത്. 2011-ലെ സെന്‍സസ് പ്രകാരമായിരിക്കും 850 സീറ്റുകള്‍ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറും. 543 അംഗ ലോക്‌സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലെ ബില്‍ പാസാവുകയുളളു. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാകില്ല. 244 അംഗ രാജ്യസഭയില്‍ 163 പേരുടെ പിന്തുണ ലഭിച്ചാലേ ബില്‍ പാസാവുകയുളളു. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 141 അംഗങ്ങളാണുളളത്.
കേന്ദ്ര ബില്ലിനെതിരെ പ്രതിഷേധിച്ച് ഇന്ന് ഡിഎംകെ എംപിമാർ കറുത്ത വസ്ത്രം ധരിച്ചാകും പാർലമെന്റിലെത്തുക. മണ്ഡല പുനർനിർണയത്തിൽ തമിഴ്നാടിനെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിലും സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്താനാണ് സ്റ്റാലിൻ്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് വനിതാ സംഭരണ ബിൽ ഭേദഗതിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.
Content Highlights: Women's Reservation Amendment Bill to be introduced in Lok Sabha today