

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് പുതുക്കില്ലെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇളവിന്റെ പ്രധാന ഗുണഭോക്താവായിരുന്നു ഇന്ത്യ. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് ഇന്ത്യക്ക് നല്‍കിയിരുന്നത്. എന്നാൽ റഷ്യന്‍, ഇറാന്‍ എണ്ണകള്‍ വാങ്ങുന്നതിനുള്ള ജനറല്‍ ലൈസന്‍സ് പുതുക്കില്ലെന്ന് സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി.
മാര്‍ച്ച് 11 വരെ കടലില്‍ ടാങ്കറുകളില്‍ ഉണ്ടായിരുന്ന എണ്ണകള്‍ക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. അതെല്ലാം ഇതിനകം ഉപയോഗിച്ച് കഴിഞ്ഞെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഇന്ത്യ ഇനിമുതല്‍ യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഗോള ഊര്‍ജ്ജവിപണിയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
നിലവില്‍ കടലില്‍ ഉള്ള എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തികലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ മാര്‍ച്ച് പകുതിയോടെയായിരുന്നു ഒരുമാസത്തേക്ക് അമേരിക്ക റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവനുവദിച്ചത്. ഏപ്രില്‍ 11ന് ഇളവിന്റെ കാലാവധി തീര്‍ന്നു. ഇറാനിയന്‍ എണ്ണയ്ക്കുള്ള ഇളവ് ഏപ്രില്‍ 19ന് അവസാനിക്കും.
ഉപരോധത്തില്‍ ഇളവനുവദിച്ചത് ഇന്ത്യക്കും ചൈനയ്ക്കും വലിയ നേട്ടമായിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണവരവ് കുത്തനെ കൂടി. ചൈനയിലേക്ക് നേരത്തേ അയച്ച കപ്പലടക്കം ഇന്ത്യയിലേക്ക് വഴിതിരിച്ചെത്തുകയും ചെയ്തിരുന്നു.
Content Highlights: US will not renew waiver for sale of Russian oil said us Treasury Secretary