

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന് പിന്നില്‍ വനിതാ സംവരണമല്ല ഉദ്ദേശമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. മണ്ഡല പുനര്‍നിര്‍ണയമാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം കേരളത്തെ പോലുള്ള സംസ്ഥാനങ്ങളെ ബാധിക്കുമെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
'ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍, ജനസംഖ്യ കൂടിയ ഇടങ്ങളിൽ കൂടുതല്‍ സീറ്റ് കിട്ടുകയും കേന്ദ്ര സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതി കൃത്യമായി നടപ്പാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നാമമാത്രമായ വര്‍ധനവായിരിക്കും വരാന്‍ പോകുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 60 സീറ്റുകളുടെ വര്‍ധനവുണ്ടാകുമ്പോള്‍ 200 ഓളം സീറ്റുകളുടെ വര്‍ധനവുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമുണ്ടാകുന്നു', മണ്ഡല പുനര്‍നിര്‍ണയത്തെ കുറിച്ച് പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് രാജ്യം ഭരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പൂര്‍ണമായി ഒറ്റപ്പെടുത്താന്‍ കഴിയുന്ന നിയമനിര്‍മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത് എന്നത് കൊണ്ടാണ് മണ്ഡല പുനനിര്‍ണയത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണത്തെയല്ല എതിര്‍ക്കുന്നതെന്നും എംപി ഊന്നിപ്പറഞ്ഞു.
വനിതാ സംവരണത്തിലല്ല ഉപാധികളിലാണ് പ്രശ്നമെന്ന് സിപിഐ നേതാവ് ആനി രാജയും പ്രതികരിച്ചു. അനാവശ്യമായ ഉപാധികളാണ് തിരുകിക്കയറ്റിയതെന്നും വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആനി രാജ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് വനിതാസംവരണ ബില്ലിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നും ഉപാധികളില്ലാതെ കൊണ്ടുവന്നാല്‍ വനിതാ സംവരണ ബില്ലിനെ വോട്ടുചെയ്ത് വിജയിപ്പിക്കാന്‍ തയ്യാറാണെന്നും ആനിരാജ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ആനി രാജയുടെ പ്രതികരണം.
അതേസമയം, വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയും ലോക്സഭയില്‍ ചര്‍ച്ച നടക്കും. ബില്‍ ലോക്സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്സഭാ സീറ്റുകള്‍ 850 ആയി ഉയര്‍ത്തി വനിതാ സംവരണം നടപ്പാക്കാനുളള ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ ശാക്തീകരണമല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ഉത്തരേന്ത്യയില്‍ സീറ്റുകള്‍ കൂട്ടി വീണ്ടും അധികാരത്തിലെത്താനാണ് ശ്രമമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അംഗങ്ങളുടെ എണ്ണം ഉയര്‍ത്താതെ നിലവിലെ 543 സീറ്റുകളില്‍ മൂന്നിലൊന്ന് വനിതകള്‍ക്ക് മാറ്റിവെച്ചാല്‍ മാത്രം ഇന്ത്യാ സഖ്യം ബില്ലിനെ അനുകൂലിച്ചേക്കുമെന്നാണ് വിവരം.
Content Highlights: N K Premachandran MP about demilitation and women reseravation