

ന്യൂഡൽഹി: ന്യൂഡൽഹി വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം ആകാശ എയർ ഫ്‌ളൈറ്റിൽ സ്‌പേസ്‌ജെറ്റിന്റെ എയർക്രാഫ്റ്റ് ഇടിച്ചു. ഇരുവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകാശ ഫ്‌ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. വിമാനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ വലത് ചിറകിനും ആകാശ എയിന്റെ ഇടത് വശത്തുള്ള ഹൊറിസോണ്ടൽ സ്റ്റെബിലൈസറിനുമാണ് കേടുപാടുകൾ സംഭവിച്ചത്.
സ്‌പൈസ്‌ജെറ്റിന്റെ B737-700 റൺവേ ഗ്രൗണ്ടിൽ കൂടി സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും കേടുപാടുകൾ സംഭവിച്ചതെന്നും കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആകാശ എയറിന്റെ ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള QP 1406 വിമാനത്തിലാണ് സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റ് ഇടിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കായി മറ്റ് യാത്രാ സജ്ജീകരണം നടത്താനുള്ള ശ്രമത്തിലാണ് ടീമെന്നും അവരെ വിമാനത്തിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കിയിട്ടുണ്ടെന്നും ആകാശ് എയർ വക്താവും അറിയിച്ചിട്ടുണ്ട്.
സമാനമായ സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് മുംബൈ വിമാനത്താവളത്തിലും ഉണ്ടായിരുന്നു. ഇൻഡിഗോ വിമാനത്തിന്റെ ചിറകിന്റെ അറ്റം എയർ ഇന്ത്യ വിമാനത്തിൽ തട്ടുകയാണ് ഉണ്ടായത്. രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു.
Content Highlights: An aircraft operated by SpiceJet collided with a plane belonging to Akasa Air