

മികച്ച ജീവിതസൗകര്യങ്ങളും തൊഴിലവസരങ്ങളും തേടി കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഉന്നതവിദ്യാഭ്യാസത്തിനായും സ്ഥിരതാമസത്തിനായും ധാരാളം വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ഓരോ വർഷവും ഈ രാജ്യം തിരഞ്ഞെടുക്കുന്നു. സുരക്ഷിതമായ സാമൂഹിക അന്തരീക്ഷവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുമാണ് കാനഡയെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. നിലവിൽ വലിയൊരു മലയാളി സമൂഹം അവിടെയുള്ളത് പുതിയതായി എത്തുന്നവർക്ക് വലിയൊരു ആശ്വാസവും പിന്തുണയുമാണ്. കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമായും മൂന്ന് രീതികളിലൂടെ അപേക്ഷിക്കാം.
സാമ്പത്തികം
ഏറ്റവും കൂടുതൽ ആളുകൾ കാനഡയിലേക്ക് എത്തുന്നത് ഈ വഴിയിലൂടെയാണ്. നിങ്ങളുടെ ജോലി പരിചയം, വിദ്യാഭ്യാസം, ഭാഷാ നൈപുണ്യം എന്നിവ കണക്കിലെടുത്താണ് ഇതിൽ അവസരം ലഭിക്കുക. കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കാൻ കഴിവുള്ള പ്രൊഫഷണലുകളെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്.
കുടുംബം
നിങ്ങളുടെ അടുത്ത ബന്ധുക്കൾ അതായത്, ഭർത്താവ്, ഭാര്യ, മാതാപിതാക്കൾ, പങ്കാളി ആരെങ്കിലും കാനഡയിൽ സ്ഥിരതാമസക്കാരായോ പൗരന്മാരായോ ഉണ്ടെങ്കിൽ, അവർ വഴി നിങ്ങൾക്ക് കാനഡയിലേക്ക് വരാൻ സാധിക്കും. ഇതിനെയാണ് ഫാമിലി സ്പോൺസർഷിപ്പ് എന്ന് വിളിക്കുന്നത്.
അഭയാർത്ഥി
പ്രത്യേക സാഹചര്യങ്ങൾ മൂലമോ സ്വന്തം നാട്ടിൽ സുരക്ഷിതമല്ലാത്ത അവസ്ഥയുള്ളവർക്കോ നൽകുന്ന പരിഗണനയാണിത്. കാനഡ പ്രധാനമായും രണ്ട് തരത്തിലാണ് അഭയാർത്ഥികളെ പരിഗണിക്കുന്നത്.
ഈ വിഭാഗത്തിൽ അപേക്ഷ നൽകിയാൽ കാനഡയിലെ ഇമിഗ്രേഷൻ വിഭാഗം അത് കൃത്യമായി പരിശോധിക്കും. അപേക്ഷകന്റെ വാദങ്ങൾ സത്യമാണെന്നും അവർക്ക് നാട്ടിൽ യഥാർത്ഥ ഭീഷണി ഉണ്ടെന്നും ബോധ്യപ്പെട്ടാൽ മാത്രമേ സ്ഥിരതാമസത്തിനുള്ള അനുമതി നൽകുകയുള്ളൂ. അതായത് ഇന്ത്യക്കാർക്ക് തല്‍ക്കാലം അഭയാർത്ഥി വിസ കിട്ടുന്ന കാര്യം ആലോചിക്കേണ്ടതില്ല.
നിലവിലെ പ്രധാന മാറ്റങ്ങൾ
ഓരോ വർഷവും എത്ര പേരെ ഓരോ വിഭാഗത്തിലും ഉൾപ്പെടുത്തണം എന്ന് കാനഡ സർക്കാർ മുൻകൂട്ടി നിശ്ചയിക്കാറുണ്ട്. വരും വർഷങ്ങളിലും സാമ്പത്തിക, കുടുംബ വിഭാഗങ്ങൾക്കായിരിക്കും കൂടുതൽ മുൻഗണന നൽകുക.നിലവിൽ കാനഡയിൽ സ്റ്റുഡന്റ് വിസയിലോ വർക്ക് പെർമിറ്റിലോ ഉള്ളവർക്ക് അവിടെത്തന്നെ സ്ഥിരതാമസമാക്കാനുള്ള കൂടുതൽ അവസരങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതായത്, പുറത്തുനിന്ന് വരുന്നവരേക്കാൾ കാനഡയിൽ ഇപ്പോൾ തങ്ങുന്നവർക്ക് പിആർ ലഭിക്കാൻ എളുപ്പമാകും.
ചുരുക്കത്തിൽ നിങ്ങൾക്ക് നല്ല ജോലി പരിചയമുണ്ടെങ്കിലോ, അവിടെ അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിലോ കാനഡയിലേക്ക് കുടിയേറാൻ എളുപ്പമാണ്. കൂടാതെ, പഠനത്തിനായി കാനഡയിലെത്തി അവിടെ ജോലി കണ്ടെത്തുന്നതാണ് ഇപ്പോൾ സ്ഥിരതാമസത്തിനുള്ള ഏറ്റവും നല്ല വഴി.
Content Highlights: Planning to move to Canada? Explore the main immigration pathways, including Economic and Family Class. Learn about the 'In-Canada focus' for students and workers.