

കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ സ്വർണത്തിന്‍റേയും വെള്ളിയുടേയും വിലയില്‍ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ലോഹങ്ങളുടേയും വിലയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും വെള്ളിയാണ് സ്വർണത്തെക്കാൾ വളരെ മികച്ച രീതിയിൽ മുന്നേറിയതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കഴിഞ്ഞ അക്ഷയ തൃതീയ (2025 ഏപ്രിൽ 30) സമയത്ത് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 97,910 ആയിരുന്നു. എന്നാല്‍ ഈ വർഷം ഏപ്രിലിന്റെ തുടക്കത്തിൽ ഇത് ഏകദേശം 155000 വരെ എത്തിയിരിക്കുന്നു. അതായത് അന്ന് സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് ലഭിച്ചത് ഏകദേശം 59 ശതമാനം ലാഭം.
മാർച്ച് മാസത്തിൽ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കാരണം സ്വർണ വില 14 ശതമാനം വരെ ഇടിഞ്ഞിരുന്നു. പക്ഷെ നിലവില്‍ വില തിരിച്ചുവരവിന്‍റെ പാതയിലാണ്. വെള്ളിയാകട്ടെ, കഴിഞ്ഞ അക്ഷയതൃതീയയിൽ ഒരു കിലോഗ്രാമിന ഏകദേശം 1 ലക്ഷം രൂപ ആയിരുന്ന വില ഇപ്പോൾ 2.70 ലക്ഷത്തിന് അടുത്ത് എത്തിയിരിക്കുന്നു. അതായത് 170 ശതമാനം ലാഭം. കഴിഞ്ഞ വർഷം 1 ലക്ഷം രൂപയ്ക്ക് വെള്ളി വാങ്ങിയ ഒരു വ്യക്തിയുടെ ഇപ്പോഴത്തെ ലാഭം മാത്രം 1.70ലക്ഷം രൂപയായിരിക്കും. സ്വർണത്തിന്റെ ലാഭത്തിന്റെ മൂന്നിരട്ടി. മാർച്ചിൽ 15-16 ശതമാനം ഇടിവ് നേരിട്ടെങ്കിലും ഏപ്രിലിൽ വെള്ളി 6 ശതമാനം ലാഭം നേടി.
സ്വർണം പ്രധാനമായും സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാൽ, ഡോളർ ശക്തമാകുമ്പോഴും പലിശ നിരക്ക് മാറ്റങ്ങളുമൊത്ത് അതിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകൾ കാണിക്കുന്നു. എന്നാൽ വെള്ളിക്ക് വ്യാവസായിക ഉപയോഗവും (സോളാർ, ഇലക്ട്രോണിക്സ്, ഗ്രീൻ ടെക്നോളജി) ഉള്ളതിനാൽ ഇവിടെ ഡിമാൻഡ് കൂടുതൽ വ്യത്യസ്തമാണ്. ഇതാണ് വെള്ളിയെ കൂടുതൽ ലാഭകരമാക്കി മാറ്റിയത്.
ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങൾ, പലിശ നിരക്ക് പ്രതീക്ഷകൾ, ഡോളർ ശക്തിപ്പെടുന്നത് എന്നിവയെല്ലാം വിലകളെ സ്വാധീനിക്കുന്നുണ്ട്. ചില വിദഗ്ധർ പറയുന്നത് ഇറാന്‍-ഇസ്രായേല്‍ സംഘർഷത്തില്‍ നയതന്ത്ര പുരോഗതി ഉണ്ടായാൽ സ്വർണ വിലയിലെ വർധനവ് പരിമിതപ്പെടാം എന്നുള്ളതാണ്. എന്നാല്‍ പുതിയ പിരിമുറുക്കം ഉണ്ടായാൽ വില വീണ്ടും ഉയരാം എന്നാണ്.
ഈ വർഷത്തെ അക്ഷയ തൃതീയ (ഏപ്രിൽ 19, 2026) അടുത്തിരിക്കെ വിലകളിൽ ഇപ്പോഴും ചാഞ്ചാട്ടം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കാനാണ് ടാറ്റ ഏസറ്റ് മാനേജ്മെന്റ് പോലുള്ള സ്ഥാപനങ്ങൾ ഉപദേശിക്കുന്നത്.
Content Highlights: Silver has delivered significantly higher returns than gold over the past year, with investments showing strong gains. An investment of ₹1 lakh reportedly generated a profit of ₹1.70 lakh, highlighting silver’s outperformance. The trend reflects changing market dynamics and investor interest in precious metals beyond gold.