ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധം: നോയിഡയില്‍ സംഘര്‍ഷം

ശാന്തത പാലിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കരുതെന്നും ജില്ലാ മജിസ്ട്രേറ്റ് തൊഴിലാളികളോട് ആവശ്യപ്പെട്ടു

ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധം: നോയിഡയില്‍ സംഘര്‍ഷം
dot image

ന്യൂ ഡല്‍ഹി : ഡൽഹിക്കടുത്ത് നോയിഡയില്‍ സംഘര്‍ഷം. ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനങ്ങള്‍ നശിപ്പിക്കുകയും ഒരു വാഹനത്തിന് തീയിടുകയും കെട്ടിടം അടിച്ച് തകര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഓവര്‍ ടൈം വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധി, ജോലിസ്ഥലത്തുള്ള സുരക്ഷ എന്നീ വിഷയങ്ങളിൽ തൊഴില്‍ ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാർ സംഘര്‍ഷത്തിനിടെ കല്ലെറിഞ്ഞതായും ഇത് വ്യവസായിക മേഖലയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയതായും അധിക്യതര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു .

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണകൂടം വ്യാവസായിക യൂണിറ്റുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തൊഴിലാളികള്‍ക്കും ആഴ്ചതോറുമുള്ള അവധി ഉറപ്പാക്കണമെന്നും ആ ദിവസം ആരെയെങ്കിലും ജോലിക്ക് നിര്‍ബന്ധിച്ചാല്‍ ഇരട്ടി വേതനം നല്‍കണമെന്നും ഫാക്ടറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍, ഓവര്‍ടൈമിന് ഇരട്ടി വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധികള്‍, ജോലിസ്ഥല സുരക്ഷ' എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഡിഎം ഓണ്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Also Read:

നവംബര്‍ 30 ന് മുമ്പ് തൊഴിലാളികള്‍ക്ക് വാര്‍ഷിക ബോണസ് നല്‍കുമെന്നും പീഡന പരാതികള്‍ പരിഗണിക്കുന്നതിനായി ഒരു വനിതയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലാളികളെ മാന്യമായി പരിഗണിക്കുന്നുണ്ടെന്നും മെഡിക്കല്‍ പരിരക്ഷയും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും നല്‍കുന്നുണ്ടെന്നും ഫാക്ടറികള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോർട്ട്.

ശാന്തത പാലിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കരുതെന്നും ജില്ലാ മജിസ്ട്രേറ്റ് തൊഴിലാളികളോട് ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും ജില്ല മജിസ്ട്രേറ്റ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

കുറഞ്ഞ മിനിമം കൂലിക്കെതിരെ നേയിഡ വ്യാവസായിക മേഖലയിലെ ഫാക്ടറി തൊഴിലാളികൾ നടത്തിയ രണ്ട് ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷങ്ങൾ ഉണ്ടായത്.

Content Highlight : Clashes in Noida over salary hike

dot image
To advertise here,contact us
dot image