

കണ്ണൂര്‍: ലോണാപ്പിന്റെ ഭീഷണിയെപറ്റി അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലെന്ന് മരിച്ച ബിഡിഎസ് വിദ്യാർത്ഥി നിതിൻ്റെ അച്ഛൻ. റിപ്പോർട്ടറിനോട് സംസാരിക്കുമ്പോഴായിരുന്നു നിതിൻ്റെ അച്ഛൻ രാജൻ്റെ പ്രതികരണം. വീട്ടുകാരുടെ അറിവോടെ അമ്മയുടെ ചികിത്സാ ചിലവിനായാണ് ഓണ്‍ലൈന്‍ ആപ്പ് വഴി പണം കടം എടുത്തതെന്നും ആ പണം മുഴുവന്‍ തിരിച്ചടച്ചിരുന്നെന്നും രാജൻ വ്യക്തമാക്കി.
അധ്യാപികക്ക് ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി വന്നിട്ടുണ്ടെങ്കില്‍ അത് രക്ഷിതാക്കളെ അറിക്കണമായിരുന്നു. അനാവശ്യകാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്നും രാജൻ വ്യക്തമാക്കി. നിതിന്‍ന്റെ മരണം ജാതി അധിക്ഷേപം മൂലമാണെന്ന് വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ലോണുമായി ബന്ധപ്പെട്ട പരാതി നിതിന്‍ നേരിട്ട ജാതി അധിക്ഷേപം മറക്കാനുള്ള നീക്കമെന്ന് രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡോ.ശ്രീലത നിതിനെ ടോര്‍ച്ചര്‍ ചെയ്യാറുണ്ടായിരുന്നെന്നും ഡോ ശ്രീലതയും വാര്‍ഡന്‍ കമലും നിതിനെ സിക്ക് റൂമില്‍ അടച്ചിട്ടിരുന്നെന്നും അതിനെതിരെ കുടുംബം പ്രതികരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും കൂടെ മകനെ കൊന്നതല്ലേ. എന്ത് നീതി അവനുകൊടുക്കും എന്നും നിതിന്റെ അച്ഛന്‍ പ്രിതികരിച്ചു. മകന്‍ മരിച്ചു മൂന്നുദിവസം കഴിഞ്ഞിട്ടും കോളേജില്‍ നിന്നും ഒരാള്‍ പോലും ഇതുവരെ വിളിച്ച് നോക്കിയിട്ടില്ല. വിദ്യാര്‍ഥികളുടെ എല്ലാ പഴുതുകളും അവര്‍ അടച്ചു. മൊഴികൊടുത്താല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പോകുമെന്നും ഏതെങ്കിലും ഒരുകുട്ടിയെങ്കിലും സത്യാവസ്ഥ തുറന്നു പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ മെറിറ്റില്‍ കയറിയ വിദ്യാര്‍ഥിയാണെന്നും അവനെ ഒഴിവാക്കിയാല്‍ മറ്റൊരു വിദ്യാര്‍ഥിയെ കയറ്റി ബാക്കി പണം ഈടാക്കാമല്ലോയെന്നും ട്രസ്റ്റാണല്ലോ സ്ഥാപനത്തെ നയിക്കുന്നതെന്നും രാജന്‍ ചൂണ്ടിക്കാണിച്ചു.
ലോണാപ്പുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍, ഡേ.ലത, ഡോ.റാം, ഡോ സംഗീത എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.ഡോ.റാമിനും ഡോ സംഗീതക്കുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം നിതിന്റെ വീട്ടിലെത്തി മൊഴിയെടുക്കും. ഇതിനിടെ നിതിൻ്റെ കുടുംബം മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കും. വിദ്യാര്‍ഥി സംഘടനകള്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചതായി കുടുംബത്തെ അറിയിക്കുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നാണ് കുടുംബം ആരോപിക്കുന്നത്.
Content Highlight: Nithin Raj's father reacts to his death