

പട്ന: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14ന് മുഖ്യമന്ത്രിപദം രാജിവെക്കുമെന്ന് റിപ്പോർട്ട്. പകരം ബിജെപിയുടെ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകും. നിലവിൽ ഉപമുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗദരി. ഇതോടെ മഹാരാഷ്ട്രയിലേത് പോലെ ബിഹാറിലെ ഭരണവും ബിജെപിയുടെ കയ്യിലായി.
ഏപ്രിൽ 10ന് നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് വിവരം. മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി ഏപ്രിൽ 13ന് മന്ത്രിസഭ കൂടാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര അധികനാൾ ഒഴിച്ചിടരുത് എന്ന് നിതീഷ് നിലപാടെടുത്തിട്ടുണ്ട്. ഇത് ബിജെപി നേതാക്കളെയടക്കം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
അടുത്ത മുഖ്യമന്ത്രിയായി നിലവിലെ ഉപമുഖ്യമന്ത്രി ബിജെപിയുടെ സാമ്രാട്ട് ചൗധരി വരുമെന്നാണ് റിപ്പോർട്ടുകൾ. സാമ്രാട്ട് ചൗധരിയോടാണ് നിതീഷിന് താത്പര്യം എന്നാണ് റിപ്പോർട്ടുകൾ. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെതന്നെ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. ഏപ്രിൽ 15നാകും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.
അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലേക്കെത്തും. ഉപമുഖ്യമന്ത്രി പദമാണ് നിഷാന്തിന് നൽകുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇതുവരെ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നിഷാന്ത് കുമാർ. 1975ൽ ഭക്തിയാർപൂരിൽ ജനിച്ച നിഷാന്ത് കുമാർ മെസ്റ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്നും സോഫ്റ്റ്വെയർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlights: Bihar CM Nitish Kumar may resign on April 14, with Deputy CM Samrat Choudhary likely to take over, signaling a major political shift.