ശശികലയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്ന ഇപിഎസ്; മീം പങ്കുവെച്ച ഉദയനിധി സ്റ്റാലിനെതിരെ എടപ്പാടി പളനിസ്വാമി

ഉപമുഖ്യമന്ത്രി സൂക്ഷിച്ച് സംസാരിക്കണമെന്ന് എടപ്പാടി പളനിസ്വാമി

ശശികലയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്ന ഇപിഎസ്; മീം പങ്കുവെച്ച ഉദയനിധി സ്റ്റാലിനെതിരെ എടപ്പാടി പളനിസ്വാമി
dot image

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയിനിധി സ്റ്റാലിനെതിരെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. 2017ൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വി കെ ശശികലയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്ന പളനിസ്വാമിയുടെ ചിത്രത്തിന്റെ മീം ഉദയനിധി പങ്കുവെച്ചതാണ് പളനിസ്വാമിയെ ചൊടിപ്പിച്ചത്. 'സൂക്ഷിച്ച് സംസാരിക്കണം' എന്നാണ് പളനിസ്വാമി പറഞ്ഞത്. തമിഴ് ആചാരത്തിന്റെ ഭാഗമായി സ്ഥാനമാനങ്ങൾ ലഭിക്കുമ്പോൾ അനുഗ്രഹം തേടുന്ന പതിവുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഉദയനിധിക്കെതിരെ പളനിസ്വാമി രംഗത്തെത്തിയത്.

ഗംഗാവാലി നിയമസഭ മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി നല്ലതമ്പിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. വീരഗാനൂരിൽ നടന്ന പരിപാടിയിൽ സേലം ജില്ല എഐഎഡിഎംകെയുടെ കോട്ടയാണെന്നും പളനിസ്വാമി അവകാശപ്പെട്ടു. സംസ്ഥാനം ഭരിക്കുന്നത് ഡിഎംകെ ആയിരിക്കാം. എന്നാൽ 2021ൽ സേലം ജില്ലയിലെ 11 സീറ്റിൽ പത്തിലും വിജയിച്ചത് എഐഎഡിഎംകെയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രചാരണ വേദിയിൽ ഉദയനിധി സ്റ്റാലിനും ഡിഎംകെ ഭരണത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് പളനിസ്വാമി ഉയർത്തിയത്. തന്റെ 51വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ആരെയും രൂക്ഷമായി വിമർശിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ പളനിസ്വാമി, ഉദയനിധി സ്റ്റാലിൻ ജനങ്ങളുടെ കോടികണക്കിന് പണം ഉപയോഗിച്ച് ആർക്ക് വേണ്ടിയാണ് ചെന്നൈയിൽ കാർ റേസ് നടത്തിയതെന്ന് ചോദിച്ചു. ഡിഎംകെ ഭരണത്തിൽ ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. 6,999 പോക്‌സോ കേസുകളാണ് ഡിഎംകെ ഭരണ കാലത്ത് രേഖപ്പെടുത്തിയത്. 84 കോടിയോളം നഷ്ടപരിഹാരമായി നൽകി. അതുപോലെ 18,000ത്തോളം ലൈംഗികാതിക്രമ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പളനിസ്വാമി ആരോപിച്ചു.

നികുതികൾ വർധിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറഞ്ഞ 525വാഗ്ദാനങ്ങളിൽ പലതും പാലിച്ചില്ല. ഇപ്പോൾ അവർ സ്ത്രീകൾക്കായി 8000 രൂപയുടെ കൂപ്പൺ നൽകുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. ഇത് ഡിഎംകെ കുടുംബത്തിനാണ് പ്രയോജനപ്പെടുകയെന്നും പളനിസ്വാമി ആരോപിച്ചു. അതേസമയം കേന്ദ്ര സർക്കാർ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ തമിഴ്‌നാട്ടിൽ ജാതി സെൻസസ് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Edappadi K. Palaniswami issued a strong warning to Udhayanidhi Stalin, urging him to speak carefully in public

dot image
To advertise here,contact us
dot image