

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ വി കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി സിപിഐഎം മുൻ ഏരിയ സെക്രട്ടറി കെ പി മധു. വി കുഞ്ഞികൃഷ്ണൻ സോഷ്യൽ മീഡിയ വഴി അപകീർത്തി പ്രചാരണം നടത്തി എന്നാണ് പരാതിയിൽ പറയുന്നത്. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും കെ പി മധു ആരോപിച്ചു. പയ്യന്നൂർ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നൽകിയത്.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഇന്നലെ സിപിഐഎം തള്ളിയിരുന്നു. സെക്രട്ടറി സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്നും ഒരു വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടില്ലെന്നുമാണ് സിപിഐഎം വിശദീകരണം.
പാര്‍ട്ടി കൃത്യമായി പരിശോധനക്ക് വിധേയപ്പെടുത്തുന്ന അക്കൗണ്ടാണിത്. പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച സമയത്ത് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനും ഇതേ അക്കൗണ്ട് ആണ് ഉപയോഗിച്ചത്. നോട്ട് നിരോധനത്തിന്റെ ഭാഗമായി പല അക്കൗണ്ടുകളിലൂടെ ആ സമയത്ത് പണം പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പിന്‍വലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗിച്ചിട്ടില്ലെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.
Content Highlight : Former CPM area secretary KP Madhu files complaint against V Kunhikrishnan for alleged fund fraud