അങ്കത്തിനൊരുങ്ങി വിജയ്: രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും; പ്രഖ്യാപനത്തിൽ സൗജന്യ വാഗ്ദാനങ്ങൾ

സി ജോസഫ് വിജയ് എന്ന പേരിലാണ് മത്സരിക്കുക എന്നും വിജയ് വ്യക്തമാക്കി

അങ്കത്തിനൊരുങ്ങി വിജയ്: രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും;  പ്രഖ്യാപനത്തിൽ സൗജന്യ വാഗ്ദാനങ്ങൾ
dot image

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ നേതാവും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നിവിടങ്ങളിലാണ് വിജയ് മത്സരിക്കുക. ജനറൽ സെക്രട്ടറി എൻ ആനന്ദ് ടി നഗറിൽ നിന്നും ട്രഷറർ വെങ്കട് രമണൻ മൈലാപൂരിൽ നിന്നും മത്സരിക്കും. ആഥവ് അർജുന വില്ലിവാക്കത്ത് നിന്നാണ് മത്സരിക്കുക. എഐഡിഎംകെയില്‍ നിന്നെത്തിയ മുതിർന്ന നേതാവായ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്ത് മത്സരിക്കും.

സി ജോസഫ് വിജയ് എന്ന പേരിലാണ് താൻ മത്സരിക്കുക എന്നും വിജയ് പറഞ്ഞു. വമ്പൻ വാഗ്ദാനങ്ങളാണ് വിജയ് നൽകിയത്. 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് മാസം 4000 രൂപ, ഡിപ്ലോമ ഡിഗ്രി ഉള്ളവർക്ക് മാസം 2500 രൂപ, 75% തമിഴ് തൊഴിലാളികൾ ഉള്ള സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ. പ്രധാന മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ് എന്നും വിജയ് പറഞ്ഞു.

അല്പസമയം മുൻപാണ് വിജയ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജനങ്ങളെ സംരക്ഷിക്കാൻ പോകുന്നവരെ പ്രഖ്യാപിക്കുകയാണ് എന്നാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപായി വിജയ് പറഞ്ഞത്. തങ്ങളുടെ സ്ഥാനാർത്ഥികൾ സാധാരണക്കാരാണ്. അവർ വലിയ സമ്പത്തോ പദവിയോ ഒന്നും ഉള്ളവരല്ല. എന്നാൽ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ അറിയുന്നവരാണ് എന്ന് വിജയ് പറഞ്ഞു.

ടിവികെ സ്ഥാനാർത്ഥികൾ അഴിമതിക്കാരല്ല എന്നും വിജയ് പറഞ്ഞു. പൊതുപണം പാഴാക്കില്ല എന്നും വഴിവിട്ട് ചിലവാക്കില്ല എന്നും പറഞ്ഞ വിജയ് തങ്ങൾ അഴിമതിയിൽ ഏർപ്പെടില്ലെന്നും, സ്ത്രീ സൗഹൃദ, ലഹരിവിരുദ്ധ തമിഴ്‌നാടിനെ സൃഷ്ടിക്കുമെന്നും ഉറപ്പ് നൽകി.

അതേസമയം, തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഡിഎംകെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡിഎംകെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആകെ 234 സീറ്റുകളുളള തമിഴ്‌നാട് നിയമസഭയില്‍ 164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നുമാണ് ജനവിധി തേടുന്നത്. എഐഎഡിഎംകെ വിട്ട് കഴിഞ്ഞ മാസം ഡിഎംകെയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

Content Highlights: Actor-turned-politician Vijay is set to contest from two constituencies—Perambur and Trichy East—in the upcoming Tamil Nadu Assembly elections. The party has also announced key candidates, with General Secretary N Anand contesting from T Nagar and Treasurer Venkat Raman from Mylapore

dot image
To advertise here,contact us
dot image