

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു അമരൻ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ഈ സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി ഒരു ചിത്രം രാജ്‌കുമാർ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ ചിത്രത്തിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്ന് പറയുകയാണ് സംവിധായകൻ.
'മമ്മൂട്ടി സാറിനെ എനിക്ക് പെട്ടെന്ന് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ഞാൻ അദ്ദേഹത്തെ കോൺടാക്ട് ചെയ്തതിന് ശേഷം ഒരു ആറേഴ് മാസം എടുത്തു അദ്ദേഹത്തെ കാണാൻ. ആ സമയത്ത് അദ്ദേഹം മറ്റൊരു അവസ്ഥയിലായിരുന്നു. പിന്നെ ചെന്നൈയിൽ വന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചു. അതുവരെ അദ്ദേഹവുമായി കണക്ഷനുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ കഥ പറയുന്നത്. ഒരു ദിവസം അദ്ദേഹം വിളിച്ചിട്ട് ചോദിച്ചു, ചെന്നൈയിലെ വീട്ടിലേക്ക് വരുമോ എന്ന്. അങ്ങനെ വീട്ടിലെത്തി കണ്ടു. രണ്ട് മണിക്കൂറോളം ഞാൻ അദ്ദേഹത്തിന് വിശദമായി കഥ പറഞ്ഞു കൊടുത്തു.
കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് ചില സംശയങ്ങളുണ്ടായിരുന്നു. അത് കൃത്യമായി പറഞ്ഞു കൊടുത്തു. ആ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം എന്നോട് ഓക്കെ പറയുകയായിരുന്നു. മമ്മൂട്ടിയാണെങ്കിലും ധനുഷ് ആണെങ്കിലും അവർ വരുന്നത് അവരുടെ പാരമ്പര്യത്തിൽ നിന്നാണ്. അവർക്ക് തന്നെ ഒരു വ്യക്തതയുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷൻ ആദ്യമേ തന്നെ വളരെ എളുപ്പമായിരുന്നു. അവർ തമ്മിലുള്ള കൊളാബ്റേഷൻ സിനിമയെ നന്നായി സഹായിച്ചിട്ടുണ്ട്,' രാജ്കുമാർ പെരിയസാമി പറഞ്ഞു.
അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാർത്തികേയൻ എന്നാണെന്നും അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഒരു ടീസർ ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ രാജ്‌കുമാർ പെരിയസാമി പറഞ്ഞു. ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‍ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
Content Highlights: Director Rajkumar Periyasamy has shared an interesting behind-the-scenes detail about bringing Mammootty and Dhanush together for a film. He revealed that Mammootty initially took time to consider the project and eventually agreed only after the director persistently pursued him for nearly seven months. The filmmaker’s persistence ultimately helped unite the two stars, making the collaboration a notable talking point in the industry.